"സുഹൃത്തേ നിന്നെ ഞാൻ 'റാഗ്'ചെയ്ത് കൊല്ലട്ടെ..?"
🔥
നമ്മുടെ വിദ്യാർത്ഥി സമൂഹം സമരങ്ങളോടു സമരസപ്പെട്ടിട്ട് രണ്ടര
പതിറ്റാണ്ടുകൾ പിന്നിടുന്നു.!
മാത്രമല്ല
കേരളത്തിന്റെ പൊതു രാഷ്ട്രീയം
മൗലികമായ ഒരു മാനുഷിക വിഷയം ഏറ്റെടുത്തു പ്രക്ഷോഭങ്ങളുടെ ചോരച്ചുഴിയിലേക്കിറങ്ങി, നിന്ന് മാനത്തേക്ക് മുഷ്ടിചുരുട്ടിയിട്ട്,മൂന്നു പതിറ്റാണ്ടെങ്കിലുമാകുന്നു.
നീതികേടിനും,നെറികേടിനും,മാനവികവിരുദ്ധതയ്ക്കു മെതിരെയുള്ള
എല്ലാ സമരങ്ങളെയും
എല്ലാ പ്രക്ഷോഭങ്ങളെയും
എല്ലാ മുദ്രാവാക്യങ്ങളെയും എന്നോ
'തീ' തിന്നു തീർത്തിരിക്കുന്നു.
ഒത്തുതീർപ്പുകളുടെ
മുതലാളിത്ത ചങ്ങാത്തത്തിൽ
എല്ലാ പ്രക്ഷുബ്ദകളും കെട്ടടങ്ങി,ചാരമായി.
ഒരു ചെറു മുഴക്കം കൊണ്ട് നമ്മെ അലോസരപ്പെടുത്തി
പുകയായിത്തീരുന്ന
വെടിവഴിപാടായി എല്ലാ സമരാഹ്വാനങ്ങളും
മാറിയിരിക്കുന്നു.
ഒരുകാലത്ത്
രാജ്യത്താകമാനം, അടിയന്തരാവസ്ഥയ്ക്കെതിരെ നടന്ന സമരപോരാട്ടങ്ങൾക്ക്,നേതൃത്വം കൊടുത്ത ഒരു മുന്നേറ്റത്തിന്റെ ചുരുക്കപ്പേരാകുവാൻ ഇന്ത്യയിലെ വിദ്യാർത്ഥി യുവജന
പ്രസ്ഥാനങ്ങൾക്കു
കഴിഞ്ഞിരുന്നു.
മാനവികമായ എല്ലാ
നോവുകൾക്കുമെതിരെ കലഹിച്ച് തെരുവുകളെ സാക്ഷി നിർത്തി പ്രതികരിക്കുവാൻ
ഒരു തലമുറയ്ക്കു കഴിഞ്ഞിരുന്നു.ആ പാരമ്പര്യമാണ് തീയെടുത്തത്.!
ചോരയോട്ടമുള്ള ആ
മുഖം ഇന്നില്ല.
ആ യുവത്വത്തിന്റെ വീറും ചടുലതയും ആരോ
കവർച്ച ചെയ്തുകളഞ്ഞു.ആ സ്പേസിലേക്കാണ്
അരാഷ്ട്രീയവൽക്കരണവും, രാസലഹരിയും,
വയലൻസും കടന്നു കൂടിയത്.നമുക്കറിയാം,70 കളുടെ മദ്ധ്യ രാശി മുതൽ തന്നെ
കേരളത്തിലെ ഒട്ടു മിക്ക ക്യാംപസുകളുടെയും
ചപ്പുചവറു മൂലയിലും,
മൂത്രപ്പുരയുടെ മറവിലും,ഒറ്റമരത്തണൽതണുപ്പിലും,ഒറ്റപ്പെട്ട 'ജെസിയും''ചുള്ളിക്കാടും', കഞ്ചാവു ജീവികളും
പാർത്തിട്ടുണ്ട്.കഫം പിടിച്ച പ്രത്യശാസ്ത്രമുഴക്കങ്ങളുടെ, വേവും,നൊവും നൈരാശ്യയും
പ്രണയഭംഗവുമായി
ദുർഗന്ധവും,നീളൻരോമങ്ങളുമായി..
'കരളാലവളെൻ
കണ്ണീരു കോരി,
കണ്ണിലെൻ സ്വപ്നങ്ങളെഴുതി,ചുണ്ടിലെൻ,സുന്ദര കവനങ്ങളെഴുതി..'
എന്നു പാടി നിരുപദ്രവമായി കടന്നു പോയിട്ടുണ്ട്.
കൊടിമരങ്ങളെ ചുറ്റിപറ്റി ആശയ സംഘർഷങ്ങൾ നടന്നിട്ടുണ്ട്.ക്യാംപസ്
ഇലക്ഷന്റെ ചൂടിൽ 'മുതുക്'കരിഞ്ഞിട്ടുണ്ട്.!കൂട്ടത്തിലൊ രുവന്റെ കണ്ണീരിന് കാവലാളായിട്ടുണ്ട്.അതു വഴിയൊക്കെ കർമ്മധീരമായ ഒരു
രാഷ്ട്രീയ തലമുറവാർത്തെടുക്കപ്പെട്ടിട്ടുണ്ട്.!സംശയമില്ല.!
പക്ഷെ നൈസർഗികമായ ആ സാമൂഹിക പ്രതിബദ്ധത ശിഥിലമായിടത്താണ്,
പ്രതികരണശേഷി വന്ധ്യംകരിക്കപ്പെട്ടിടത്തു നിന്നാണ് , ഭൂമി കണ്ടതിൽ വെച്ച് ഏറ്റവും 'വഴിപിഴച്ച' ഒരു തലമുറ ഇന്ന് പിറവി കൊണ്ടിരിക്കുന്നത്.
"ബ്രോ..നിന്നെ ഞാൻ
'റാഗ്'ചെയ്ത് കൊല്ലട്ടേ..."എന്ന് 'ലഹരിയുടെ ഉന്മാദ ചവർപ്പിൽ ചോദിച്ചു കൊണ്ട്,സഹജീവിയുടെ പച്ചമാംസത്തിൽ
കോമ്പസ് പായിക്കുന്നത്.ഇരയുടെ മർമ്മങ്ങളിൽ മന:സാക്ഷികുത്തില്ലാതെ ഇരുമ്പ്
ഭാരം കയറ്റിവെക്കുന്നത്.!കുടിവെള്ളം കൊടുക്കാതെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിടുന്നത്.!
നോക്കുക...
ലഹരിയുടെ ദൈർഘ്യത്തെ പറ്റിയും,പെൺ സുഹൃത്തിന്റെ സ്തനമുഴുപ്പിനെ പറ്റിയും,മാത്രം സംസാരിക്കുന്ന ഒരു യുവതയുടെ
മുന്നിൽ നിന്നും' മനുഷ്യ ജീവിത യാഥാർത്ഥ്യങ്ങൾ' അപ്രസക്തമായി, അപ്രത്യക്ഷമായിടത്താണ് ,സഹജിവിയുടെ മാംസം കീറിയ വേദനയിലേക്ക്,' ക്രീം' ചീറ്റിച്ച് അട്ടഹസിക്കുന്ന 'ന്യൂജെൻ'എന്ന 'പുതു
ബ്രോ' മുറ ആഘോഷിക്കപ്പെടുന്നത്.നമുക്ക് ഒന്നും കണ്ടില്ലന്നു നടിക്കാം.!
കലഞ്ഞൂർ ജയകൃഷ്ണൻ 🔥
No comments: