ചിതിചയനങ്ങൾ ആരംഭിച്ചു
കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഇന്നലെ (24- 4 -2024) യാഗക്രിയകളിലേക്കു കടന്നു. സോര്യോദയത്തിനു മുൻപ് തന്നെ യാഗം ആരംഭിച്ചു. ആദ്യം രണ്ടു മണിക്കൂറോളം നീണ്ടു നിന്ന പ്രത്യേക ഹോമ ക്രിയയായ പ്രായാണെഷ്ടിയോടെ ആരംഭിച്ചു. തുടർന്ന് മൂജവാൻ പർവ്വതത്തിൽ നിന്ന് സോമലത വാങ്ങി സുബ്രമണ്യൻ എന്ന ഋത്വിക്ക് കാളവണ്ടിയിൽ കൊണ്ടുവരുന്നു എന്ന സങ്കല്പത്തിലുള്ള സോമക്രയയും സോമ പരിവാഹനവും നടന്നു. ആദിത്യേഷ്ടി, താനുനപ്ത്ര ചടങ്ങുകളും നടത്തി. ശേഷം പ്രവർഗ്യോപാസത് ആരംഭിച്ചു. മഹാവീരം എന്ന് പറയുന്ന കാലുള്ള ഒരു മൺപാത്രം നിലത്തു കുഴിച്ചിട്ട് അതിൽ നെയ്യ് വീഴ്ത്തി നാല് പുറവും തീയിട്ടു കത്തിച്ച് മൂന്ന് വേദ മന്ത്രങ്ങളെക്കൊണ്ട് ഏറെ നേരം ഹോമം ചെയ്യുന്ന യാഗമാണ് പ്രവർഗ്യം. നെയ്യ് നല്ലതുപോലെ കത്തി തുടങ്ങിയാൽ അതിൽ ആട്ടിൻ പാലും പശുവിൻ പാലും ഹോമിക്കുകയും അഗ്നി ഉയരത്തിലേക്ക് ജ്വലിക്കുകയും ചെയ്യും. പ്രവർഗ്യം യാഗത്തിലെ ഏറ്റവും കൗതുകകരമായ കാഴ്ചയാണ്. യാഗത്തിലെ പ്രധാന ഹോമങ്ങളെല്ലാം പ്രവർഗ്യത്തിലാണ് നടക്കുക. സുബ്രമണ്യആഹ്വാനം ചെയ്ത് വേദി പരിഗ്രഹം നടത്തി വേദി പൂജ ചെയ്തു തുടർന്ന് പ്രഥമ ചിതി ചയനം പൂർത്തിയാക്കി. വൈകിട്ട് 7 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചറിന്റെ പ്രഭാഷണവും 8 .30 മുതൽ കുമാരി ഗംഗ ശശിധരൻ നയിക്കുന്ന വയലിൽ സംഗീതവും നടത്തി. നല്ല ഭക്തജന തിരക്കാണ് അതിരാത്രത്തിൽ അനുഭവപ്പെടുന്നത്.
ഇന്ന് രാവിലെ ((25- 4 -2024) പ്രവർഗ്യോപാസത് പുനരാരംഭിക്കും തുടർന്ന് സുബ്രമണ്യആഹ്വാനം നടത്തി ദ്വിദീയ ചിതി ചയനത്തിനു ശേഷം പ്രവർഗ്യോപാസത് തുടരും. വൈകിട്ട് 7 .30 മണി മുതൽ അരവിന്ദ് എസ് തോട്ടക്കാട്ട് നടത്തുന്ന സംഗീത സദസ്സ് ആരംഭിക്കും.
25, 26, 27 തീയതികളിൽ സോമ പൂജയാണ് നടക്കുന്നത്. സോമപൂജകളിൽ വഴിപാടായി ഭക്തർക്ക് പങ്കെടുക്കാം. അഭിവൃദ്ധി, മന സ്ഥിരത, ഐശ്വര്യം എന്നിവ ലഭിക്കുന്നതിന് വേണ്ടിയാണ് ഭക്തർ സോമപൂജ ചെയ്യുന്നത്. ഇത് കുടുംബ പൂജയായും വ്യക്തി പൂജയായും ചെയ്യുന്നു. ഇതിനു പുറമെ യാഗാർച്ചന, കളത്ര മന്ത്രാർച്ചന, പ്രവർഗ്യം, സൗമ്യം, ഏകദിന യാഗം, ത്രിദിന യാഗം, പഞ്ച ദിന യാഗം, സപ്ത ദിന യാഗം, സമ്പൂർണ യാഗം എന്നിങ്ങനെയും ഭക്തർക്ക് പൂജകൾ ചെയ്യാം. വിഷ്ണു മോഹൻ, അനീഷ് വാസുദേവൻ പോറ്റി, പി ആർ മുരളീധരൻ നായർ, കെ സി പ്രദീപ് കുമാർ, ആർ അനിൽ രാജ്, അഭിലാഷ് അയോദ്ധ്യ, ബബിലു ശങ്കർ, വി പി അഭിജിത്ത്, വി പി ഹരികുമാർ, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാർ, ഗിരീഷ് ഗോപി തുടങ്ങിയവരാണ് അതിരാത്രത്തിനു നേതൃത്വം വഹിക്കുന്നത്. അതിരാത്രം മെയ് 1 നു അവസാനിക്കും.
No comments: