അതിരാത്രം: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കോന്നി:  ഇളകൊള്ളൂർ അതിരാത്ര യജ്ഞത്തിനായുള്ള ഒരുക്കങ്ങൾ പൂരോഗമിക്കുന്നു. യാഗത്തിന്റെ വിളംബര പ്രതീകമായി കഴിഞ്ഞ ദിവസം യാഗ ഭൂമിയിൽ ധ്വജം പ്രതിഷ്ഠിച്ചു. തിരുവനതപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് പൂജിച്ചു കൊണ്ടുവന്ന ധ്വജമാണ്‌ പ്രതിഷ്ഠിച്ചത്. ഏപ്രിൽ 21 മുതൽ മെയ് 1 വരെ 11 ദിവസമാകും യാഗം നടക്കുക. കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലാണ് യാഗഭൂമി ഒരുക്കിയിരിക്കുന്നത്. നേരത്തെ ഇതേ സ്ഥലത്തു തന്നെ സോമയാഗം നടന്നിരുന്നു. സോമയാഗം നടന്ന അതെ യാഗസ്ഥലത്തു തന്നെ അതിരാത്രം നടക്കുന്നു എന്ന പ്രത്യേകതയും ഇളകൊള്ളൂർ അതിരാത്രത്തിനുണ്ട്. അഗ്ന്യാധാനവും സോമയാഗമെന്ന അഗ്നിഷ്ടോമവും ചെയ്തവർക്ക് മാത്രമാണ് അതിരാത്രം ചെയ്യാൻ അർഹതയുള്ളത്.


യജ്ഞശാലകളുടെ നിർമാണം കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ചു. ഓലമേഞ്ഞ മൂന്നു കൂരകളാണ് യജ്ഞശാലയായി നിർമിക്കുന്നത്. രണ്ടു ചരിഞ്ഞ കൂരകളും ഒരു പരന്ന കൂരയുമാണ് നിർമിക്കുക. മഴ പെയ്താൽ ചോരാത്ത വിധമുള്ള രീതിയിലാകും യജ്ഞശാല നിർമിക്കുന്നത്. യജ്ഞശാലക്കു ചുറ്റും സന്ദർശകർക്കായി നടപ്പന്തൽ ഒരുക്കും. യജ്ഞശാലയുടെ പണികൾ ഇന്ന് വൈകിട്ടോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് സംഘാടകർ പറയുന്നത്.


യാഗ ശാലയുടെ നിർമാണവും സാധന സാമഗ്രികളുടെ സംഭരണവും യാഗം ആരംഭിക്കുന്നതിനു മുൻപ് തന്നെ തായ്യാറാക്കണമെന്നതാണ് യാഗ വ്യവസ്ഥ. ഇതിനായുള്ള ക്രമീകരങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ് ശ്രീമഹാദേവർ ക്ഷേത്രവും സംഘാടകരും. ഒരുക്കങ്ങൾ ദർശിക്കുന്നതിനായി നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തി ചേരുന്നത്. പതിനയ്യായിരത്തിനു മുകളിൽ സന്ദർശകർ ദിവസേന എത്തുമെന്നാണ് സംഘാടകർ കണക്കു കൂട്ടുന്നത്. ഇതിനാവശ്യമായ ക്രമീകരങ്ങളാണ് ഒരുക്കുക. വഴിപാടുകൾ കഴിക്കുന്നതിനും പ്രത്യേക പൂജകൾക്കുമായി സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.   


 

No comments:

Powered by Blogger.