ഇളകൊള്ളൂർ അതിരാത്രം 21 നു ആരംഭിക്കും


ഇളകൊള്ളൂർ അതിരാത്രം 21 നു ആരംഭിക്കും 


കോന്നി: ഇളകൊള്ളൂർ അതിരാത്രം 21 ഞായറാഴ്ച ആരംഭിക്കും. ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ വച്ച് നടത്തപ്പെടുന്ന അതിരാത്രം മെയ് 1 നാണ്‌ പൂർത്തിയാകുന്നത്.  2015 ൽ ഇതേ ക്ഷേത്രത്തിൽ തന്നെയാണ് സോമയാഗം നടന്നത്. അതിരാത്രത്തിന്റെ ആദ്യത്തെ 6 ദിവസം സോമയാഗം തന്നെയാകും നടക്കുക. തുടർന്നാണ് രാത്രിയിലുൾപ്പടെ തടസ്സമില്ലാതെ അതിരാത്രം നടക്കുന്നത്. 


അതിരാത്രത്തിനായുള്ള യജ്ഞ ശാലകളുടെ പണി അവസാന ഘട്ടത്തിലാണ്. ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ പുറം മതിലിനോട് ചേർന്നുള്ള ഗ്രൗണ്ടിലാണ് യജ്ഞശാലകൾ നിർമിച്ചിരിക്കുന്നത്. ഭൂനിരപ്പിൽ നിന്ന് രണ്ടടിയിൽ കൂടുതൽ ഉയർത്തിക്കെട്ടിയ തറയിലാണ് യജ്ഞ ശാലകൾ പണിതിരിക്കുന്നത്. മേൽക്കൂര ഓല കൊണ്ട് നിർമിച്ചതാണ്. മൂന്നു ഭാഗങ്ങളായാണ് യജ്ഞ ശാലകൾ ഉള്ളത്. രണ്ടെണ്ണം ചരിഞ്ഞ കൂരകളാണ്. ഒരെണ്ണം പരന്ന മേൽക്കൂരയോട് കൂടിയുള്ളതാണ്.  യജ്ഞത്തിനായുള്ള സാധന സാമഗ്രികളുടെ സംഭരമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഉച്ചഭാഷിണികളുടെ വ്യന്യാസം നടന്നു കൊണ്ടിരിക്കുന്നു. വിവിധ ആവശ്യങ്ങൾക്കുള്ള കൗണ്ടറുകളും തയ്യാറാക്കുന്ന തിരക്കിലാണ് സംഘാടകർ. 


മഹായാഗത്തിൽ പങ്കെടുക്കുന്നതിനും വഴിപാടുകൾ കഴിക്കുന്നതിനും ഭക്തർക്ക് അവസരമൊരുക്കിയിട്ടുണ്ട്. യാഗാർച്ചന, കളത്ര മന്ത്രാർച്ചന, പ്രവർഗ്യം, സൗമ്യം, ഏകദിന യാഗം, ത്രിദിന യാഗം, പഞ്ച ദിന യാഗം, സപ്ത ദിന യാഗം, സമ്പൂർണ യാഗം എന്നിങ്ങനെ പൂജകൾ അരിപ്പിക്കാം. 


അതിരാത്രത്തിൽ 4 സ്തുതി ശാസ്ത്രങ്ങൾ (വേദ മന്ത്രങ്ങൾ) 3 ചുറ്റായി 12 പ്രാവശ്യം ഉരുവിട്ട് മന്ത്രിക്കുകയും ഹവിസ്സുകൾ അർപ്പിക്കുകയും ചെയ്യുന്നു. 1000 ഋക്കുകൾ വരുമിത്.  സൂര്യോദയത്തിനു മുൻപ് ഇത് അവസാനിച്ചാൽ സൂര്യോദയം വരെ ഇതാവർത്തിച്ചു കൊണ്ടിരിക്കും. പറവകളുടെ ശബ്ദം കേൾക്കെ ഇവ ഉച്ചരിക്കുന്നു. സൂര്യൻ ഉദിച്ചു കഴിഞ്ഞേ അവസാനത്തെ ശ്രുതി ജപിക്കുകയുള്ളുവെന്ന് വൈദികർ പറയുന്നു. 


പ്രസിദ്ധീകരണത്തിന് 


No comments:

Powered by Blogger.