കരുതുക ഓരോ തുള്ളിയും കരുതലോടെ: ഡോക്ടർ വി സുഭാഷ് ചന്ദ്ര ബോസ്
മീന സൂര്യന്റെ ഉച്ചസ്ഥായി വരാ
നിരിക്കുന്നതെ ഉള്ളു. കുംഭ ചൂട് തന്നെ അസഹനീയമായി മാറിക്കഴിഞ്ഞു. ജല സ്രോദസ്സുകളായ നദികളും കുളങ്ങളും വറ്റി തുടങ്ങി. കിണറിലെ ജലനിരപ്പ് താഴുന്നത് കുടി വെള്ളത്തെയും ബാധിക്കുന്നതാണ്. ജലത്തിലുണ്ടാകുന്ന കുറവും ഇരുമ്പ്, ഓര്, ബാക്ടീരിയ, ഫോസ്ഫറസ്, എണ്ണയിനങ്ങൾ തുടങ്ങിയ കാരണമുള്ള മലിനീകരങ്ങളും വേനൽക്കാല പ്രതിസന്ധിയായി മുന്നിലുണ്ട്. മഴയുടെയും ജലസ്രോദസ്സുകളുടെയും നാട്ടിൽ വേനൽക്കാല വറുതികളെ വരുതിയിലാക്കാൻ നല്ല ശ്രമമാവശ്യമാണ്.
ഒരു സെക്കൻഡിൽ ഒരു തുള്ളി എന്ന ക്രമത്തിൽ ശുദ്ധ ജലം നഷ്ടപ്പെട്ടാലും ഒരു ദിവസം ഏകദേശം 125 ലിറ്റർ വെള്ളമാണ് ഇല്ലാതാകുന്നത്. ഇവ ആറ് അംഗ കുടുംബത്തിന്റെ ഒരു ദിവസത്തെ കുടിവെള്ളമുൾപ്പടെയുള്ള ജലത്തിന്റെ അത്രയും വരും. കേരളത്തിലെ മൂന്നരക്കോടി ആളുകൾ 2 ലിറ്റർ ശുദ്ധ ജലം കരുതിയാൽ പോലും 7 കോടി ലിറ്റർ വെള്ളം നാളേക്ക് കരുത്താനാകും. ഓരോ തുള്ളി ശുദ്ധ ജലവും വേനൽ കാലങ്ങളിൽ വളരെ സൂക്ഷിക്കേണ്ടതാണ്. ഓരോരുത്തരും വിവിധ രൂപത്തിൽ പാഴാക്കുന്ന ജലം അയൽക്കാരന്റെ കുടിവെള്ളം കൂടിയാണ് എന്ന ബോധ്യം നമുക്കുണ്ടാകണം. രാജ്യത്തെ ഏറ്റവും വലിയ ചൂട് കോട്ടയം ജില്ലയിൽ അനുഭവപ്പെട്ടതും കാണേണ്ടതാണ്.
വേനൽ കാലം ഇനിയും കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയാണ് മുന്നിൽ ഉള്ളത്. ചൂടും ചുടിച്ചിലുമായി മെയ് വരെ പോകേണ്ടതുണ്ട്. ഇടമഴകൾ ചിലപ്പോൾ ലഭിച്ചേക്കാം. ജല അച്ചക്കടക്കത്തിന്റെയും ജീവിത ചിട്ടകളുടെയും മാസങ്ങളാണ് മുന്നിലുള്ളതെന്നു സാരം. പ്രതിരോധിക്കാൻ വിവിധങ്ങളായ പ്രവർത്തനങ്ങൾ ആവശ്യമാണ്.
അടുക്കളയിൽ നിന്ന് തുടങ്ങാം
പാത്രങ്ങൾ കഴുകുന്ന സിങ്കിലെ ടാപ്പ് തുടർച്ചയായി തുറന്നിട്ട് കഴുകിയാൽ ഓരോ മിനിട്ടിലും 20 ലിറ്റർ നഷ്ടപ്പെടും. വലിയ പാത്രങ്ങളിൽ മുൻകൂട്ടി വെള്ളം ശേഖരിച്ചു വച്ച് മറ്റുള്ളവ കഴുകുക. അഴുക്കും എണ്ണമെഴുക്കും ആദ്യം കഴുകിയ ശേഷം മാത്രം പിന്നീട് കഴുകുന്ന രീതി ശീലിക്കുക. ശുചിമുറിയിൽ ടാപ്പ് തുറന്നിട്ട് ഉപയോഗിക്കരുത്. വാഷ് ബെസനിലോ ശുചിമുറിയിലോ ഒരാൾ പല്ലു തേക്കുമ്പോൾ തുടർച്ചയായി ടേപ്പ് തുറന്നിട്ടാൽ 7 ലിറ്റർ വെള്ളമെങ്കിലും നഷ്ടമാകും. മഗ്ഗും കപ്പും ഒക്കെ ഉപയോഗിച്ചാൽ ജല അളവ് കുറക്കാം. വീട്ടിൽ ചെടികൾ പച്ചക്കറി പൂന്തോട്ടം ഇവ ഉണ്ടെങ്കിൽ പല്ലു തേക്കുന്നതും കഴിയുന്നിടങ്ങളിൽ കുളിക്കുന്നതും അവിടെയായാൽ ഉപയോഗിക്കുന്ന വെള്ളം സസ്യങ്ങൾക്കും ചെടികൾക്കും കിട്ടുന്നതാണ്.
തുടർച്ചയായി ടാപ്പ് തുറന്നിട്ട് കൈ കഴുകുന്നതിനു പകരം ഒരു കൈ കഴുകുമ്പോൾ മറ്റേ കൈ കൊണ്ട് ടാപ്പ് നിയന്ത്രിച്ചാൽ ഓരോ പ്രാവശ്യവും ശരാശരി 5 ലിറ്റർ വെള്ളം കരുതാനാകും. വേനൽ കാലങ്ങളിൽ ബാത്ത് ടബ്ബിലെ കുളി ഒഴിവാക്കുക. ഇതിലൂടെ 164 ലിറ്റർ ജലമാണ് ഇല്ലാതാകുന്നത്. ഓട്ടോമാറ്റിക് വാഷിങ് മെഷീനും ധാരാളം ജലം വേണം. ഷവർ ബാത്തിലൂടെ തുടർച്ചയായി മിനിറ്റിൽ 45 ലിറ്റർ വെള്ളം പോകും. ബക്കറ്റും കപ്പും ഉപയോഗിച്ചാൽ ധാരാളം ജലം ലാഭിക്കാവുന്നതാണ്. കെട്ടിടങ്ങളിലെ എല്ലാ ടാപ്പുകളിലെയും ചോർച്ച യഥാസമയം പരിഹരിക്കേണ്ടതാണ്. ബാത്ത് റൂമിൽ ഫ്ലെഷ് ചെയ്യുമ്പോൾ 12 മുതൽ 20 ലിറ്റർ ജലമാണ് ഒരു സമയം പോകുന്നത്. ഇരട്ട ഫ്ലെഷ് സിസ്റ്റം, സെൻസർ സിസ്റ്റം എന്നിവയാണ് ഉത്തമം. അതുപോലെ നിലവിലെ ഫ്ളഷ് സിസ്റ്റത്തിൽ കല്ല് കുപ്പി തടിക്കഷണം എന്നിവ കുറെ ഭാഗത്തിട്ടാലും ശേഷി കുറക്കാവുന്നതാണ്.
വാഹനങ്ങൾ കഴുകുന്നതിനു ഹോസ് ഉപയോഗിക്കരുത്. ബക്കറ്റും മഗ്ഗും ആയാൽ ധാരാളം ജലം ലാഭിക്കുവാൻ കഴിയും. പൂന്തോട്ടങ്ങൾ കൃഷിയിടങ്ങൾ, ചെടികൾ എന്നിവ അതി രാവിലെയോ വൈകുന്നേരമോ മാത്രമേ നന്നാക്കുവാൻ പാടുള്ളൂ. തുള്ളി നന, സ്പ്രിംഗ്ലർ നന, തിരി നന എന്നീ മാർഗ്ഗങ്ങളും നല്ലതാണ്. വേനൽ കാലങ്ങളിലും ഇടയ്ക്കിടെ മഴ വരുവാൻ സാധ്യത ഉണ്ട്. മഴ കുഴികളും, കല്ല് കയ്യാലകളും, മണ് കയ്യാലകളും, മണ് തിരയണകൾ, പുതയിടൽ, തടയണകൾ തുടങ്ങിയ നിരവധി മാർഗ്ഗങ്ങളും മുന്നിലുണ്ട്. കിണറുകൾക്കു സമീപം 1 മീറ്റർ നീളത്തിലും 1 മീറ്റർ വീതിയിലും 1 മീറ്റർ ആഴത്തിലുമുള്ള ഒരു കുഴി ഏകദേശം 5 മുതൽ 10 മീറ്റർ വരെ മാറി എടുത്തിട്ടാൽ ലഭിക്കുന്ന മഴവെള്ളം കുഴിയിലൂടെ കിണറിലെത്തും. ഏകദേശം 1000 ലിറ്റർ മഴവെള്ളം ഒരു സമയം ലഭിക്കുന്നതാണ്.
രാമച്ചം, സുബാബുൾ, ചെമ്പരത്തി, വെളിച്ചെടികൾ, തെങ്ങോല തുടങ്ങിയവ ഉപയോഗിച്ച് പറമ്പുകളിൽ പുത ഇടേണ്ടതാണ്. ബാഷ്പീകരണം കുറക്കുവാനും ഭൂജലം സംരക്ഷിക്കുവാനും തുടർന്ന് വരുന്ന മഴയെ കൂടുതൽ കരുതുവാനും ഈ രീതി നല്ലതാണ്. 1000 ചതുരശ്ര അടി വിസ്‌തീർണമുള്ള ഒരു പുരപ്പുറത്തു ശരാശരി 3 മുതൽ 5 ലക്ഷം ലിറ്റർ മഴയാണ് കേരളത്തിൽ വീഴുന്നത്. ഏകദേശം ഒരു കോടിയിലധികം കെട്ടിടങ്ങളുണ്ട്. മേൽക്കൂര മഴവെള്ള സംഭരണ സാധ്യത വളരെ വലുതാണ്. 2004 മുതൽ മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടങ്ങളുടെ ഭാഗമായി പുതിയ കെട്ടിടങ്ങൾക്കു മഴവെള്ള സംഭരണ മാർഗ്ഗങ്ങൾ നിര്ബന്ധമാണ്. കെട്ടിടത്തിന്റെ പ്ലാൻ അംഗീകരിക്കുവാനും നമ്പർ ലഭിക്കുവാനും ഇതാവശ്യമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയും നിർദ്ദേശങ്ങൾ നടപ്പാക്കലും ആവശ്യമാണ്.
മഴവെള്ളത്തിന്റെ സഹായത്താൽ കിണർ നിറക്കുവാനുള്ള പദ്ധതി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു ഭാഗമായി ചേർത്തിട്ടുള്ളതും പൂർണമായി നടപ്പിലാക്കാവുന്നതുമാണ്. മണ്ണ് ജല സംരക്ഷണത്തിലൂടെ ജല സുരക്ഷാ ഉറപ്പിക്കുക എന്നത് തൊഴിലുറപ്പ് പദ്ധതിയുടെ പ്രധാന ലക്‌ഷ്യം കൂടിയാണ്. ചെലവ് കുറഞ്ഞ ഫെറോ സിമന്റ് സാങ്കേതികക വിദ്യയാൽ മഴവെള്ള സംഭരണികളും നിർമിക്കുവാൻ കഴിയുന്ന സമയമാണ് വേനൽ കാലം. പൂന്തോട്ടം, റൂമുകൾ, കാർഷെഡ്ഡ് എന്നിവയുടെ ഉൾവശത്തു പോലും മഴ ടാങ്കുകൾ കേരളത്തിൽ നിർമിച്ചിട്ടുണ്ട്. അതുകൊണ്ടു സ്ഥലപരിമിതി പോലും ഒരു പ്രശ്‌നമല്ല ഇടമഴകളെ പരമാവധി സംഭരിക്കുവാനും സംരക്ഷിക്കുവാനും ഉള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാവുന്നതാണ്. മാത്രമല്ല മഴക്കാലത്തെ മഴയെ കരുതുവാനുള്ള മുന്നൊരുക്കം കൂടിയാണ്.
മനുഷ്യരെ പോലെ പക്ഷി മൃഗാദികൾക്കും ദാഹ നീര് ആവാശ്യമാണ്. പാത്രങ്ങളിലും കൂടുകളിലുമൊക്കെ ജലം വച്ച് പക്ഷികൾക്കുൾപ്പടെ ജലം നൽകുവാനുള്ള ശ്രമങ്ങൾ ഉണ്ടാകണമ്. സ്റ്റുഡന്റസ് പോലീസ് കേഡറ്റ് നാഷണൽ ഗ്രീൻ കോർപ്പസ് ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്, എൻ എസ് എസ്, ഭൂമിത്ര സേന, ഹരിത ക്ലബ്ബ്കൾ, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, ജലശ്രീ ക്ലബ്ബ്കൾ, ലൈബ്രറികൾ, സന്നദ്ധ സംഘടനകൾ, ജനകീയ സമിതികൾ എന്നിവ ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കഴിയുന്ന സ്ഥലങ്ങളിൽ തണ്ണീർ പന്തലുകൾ, ദാഹ നീര് വിതരണം എന്നിവയും ചെയ്യാവുന്നതാണ്.
പുതിയ ശീലങ്ങൾ
രാവിലെ 11 മണിമുതൽ 3 മണിവരെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം എല്ക്കുന്നത് നല്ലതല്ല. തൊഴിൽ സമയമൊക്കെ കൂടുതൽ ക്രമീകരിക്കുന്ന വേണ്ടത്. ശുദ്ധ ജലം പരമാവധി ഉപയോഗിക്കണം. ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ബി പി ഷുഗർ നിർജ്ജലീകരണം എന്നിവ പെട്ടെന്ന് വ്യത്യാസം വരാം. മദ്യം കാപ്പി ചായ എന്നിവ നല്ല ചൂട് സമയത്തു ഒഴിവാക്കുന്നത് നിര്ജ്ജലീകരണത്തെ നിയന്ത്രിക്കുന്നതാണ്. കോട്ടൺ കൊണ്ടുള്ള അയഞ്ഞ വസ്ത്രങ്ങളാണ് നല്ലത്. കറുപ്പ് ചുവപ്പു നീല പച്ച കാവി തുടങ്ങിയ കടുത്ത നിറങ്ങൾ ഒഴിവാക്കി ഇളം നിറമുള്ളവ ശീലമാക്കുക. കുട തൊപ്പി പാദരക്ഷകൾ എന്നിവ ഉപയോഗിക്കേണ്ടതാണ്. ടാർ സിമന്റ് ചൂടുള്ള മണ്ണ് എന്നിവടങ്ങളിൽ നേരിട്ട് ചവിട്ടുന്നത് ഒഴിവാക്കുക.
മാർക്കറ്റ്, പൊതു ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ചപ്പു ചവറുകൾ കൂട്ടി ഇടുന്നതു തീ പിടിക്കുന്നതിനു കാരണമായേക്കാം. കൂടുതൽ സമയം തുറന്ന സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കേണ്ടതാണ്. ചൂട് കാലം കൂടി കണക്കാക്കി വാഹനങ്ങളിൽ മറ്റുള്ളവർക്ക് കൂടി ലിഫ്റ്റ് കൊടുക്കുന്നത് നമുക്ക് പാലിച്ചു തുടങ്ങാം. പരമാവധി സ്വകാര്യ വാഹനങ്ങളുടെ എണ്ണം പൊതുഗതം ഉപയോഗിച്ചാൽ അന്തരീക്ഷ താപനില കുറക്കാവുന്നതാണ്.
വീടുകളിൽ സന്ധ്യക്ക് 6 മണിമുതൽ 10 വരെ ഫ്രിഡ്ജ ഓഫായാക്കി ഇടണം. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയുകയാണ്. മൽസ്യം മാംസം പച്ചക്കറികൾ ഒന്നും കേടാവുകയില്ല. അതുപോലെ AC 20 നപ്പുറം കുറക്കരുത്. ബെഡ്ഡ് റൂമിൽ കിടന്നാലുടൻ തണുപ്പ് വേണം എന്നുള്ളവർ ഉറങ്ങുന്നതിനു ചെറിയ സമയം മുൻപ് AC ഇടുക. ഇത് കറണ്ട് കൂടുതൽ ലഭിക്കാൻ കഴിയും. ബൾബുകൾ ട്യൂബുകൾ എന്നിവ LED യിലേക്ക് മാറ്റാൻ കഴിയുന്നത് ചെയ്യുക. കുട്ടികൾ വിദ്യാർഥികൾ എന്നിവ പൊതു ഹാൾ വരാന്ത എന്നിവടങ്ങളിൽ ഇരുന്നു പഠിക്കാവുന്നതാണ്. ഓരോരുത്തർക്കും ഒരു മുറി എന്ന രീതി മാറ്റിയാൽ തന്നെ ധാരാളം കറണ്ട് ലാഭിക്കാൻ കഴിയും.
വീടുകളിലും സ്ഥാപനങ്ങളിലും ജല ഓഡിറ്റ്, ഊർജ്ജ ഓഡിറ്റ്, മാലിന്യ ഓഡിറ്റ് എന്നിവ നടത്താവുന്നതാണ്. കുട്ടികളുടെ പരീക്ഷാക്കാലം കഴിഞ്ഞാലുള്ള പ്രൊജക്റ്റും അസൈന്മെന്റും ഒക്കെയായി ഇത്തരം പ്രവർത്തനങ്ങൾ നൽകാവുന്നതാണ്. ഇവ ചെയ്യുന്ന വിദ്യാർഥികൾക്ക് സ്‌കൂൾ തുറക്കുമ്പോൾ സർട്ടിഫിക്കറ്റ് സമ്മാനം ആദരവ് എന്നിവ നൽകിയാൽ വലിയ പ്രോത്സാഹനമാകും.
മാലിന്യങ്ങൾ യാതൊരു സാഹചര്യത്തിലും കുടിവെള്ള സ്രോദസ്സുകളിലേക്കു വലിച്ചെറിയരുത്. ജല സ്രോദസ്സ് നികത്തുവാനോ മലീനീകരിക്കാനുള്ള സാധ്യത ഉണ്ടാകാരിക്കുന്നതിനുള്ള ജാഗ്രത എല്ലാവരുടെയും ഭാഗത്തു നിന്നും ആവശ്യമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപന തലങ്ങളിൽ ജല ജാഗ്രത ജലസംരക്ഷണ സമിതികൾ ആവശ്യമാണ്. ജെൽ ജീവൻ മിഷൻ, ജലനിധി എന്നീ പദ്ധതികളിൽ ഗ്രാമ പഞ്ചായത്തു തല ജല ശുചിത്വ സമിതി, ഗുണഭോക്തൃ സംഘടനകൾ, സ്‌കൂളുകളിൽ ജലശ്രീ ക്ലബ്ബ്കൾ, ഇന്സ്ടിട്യൂഷൻ സപ്പോർട്ടിങ് ഓർഗനൈസേഷനുകൾ എന്നിവ പദ്ധതിയുടെ ഭാഗമായി തന്നെ നിയമപരമായി ആവശ്യമാണ്. ഇത്തരം സംവിധാനങ്ങൾ ഫലപ്രദമായി ഇടപെടേണ്ട കാലമാണ് മുന്നിലുള്ളത്. വരാനിരിക്കുന്ന മഴയെ കരുതിയും നിലവിലുള്ള ജല സ്രോദസ്സുകൾ പരമാവധി മലിനമാകാതെ സംരക്ഷിച്ചും പുതിയ ജല വിനിയോഗ രീതികളും അച്ചടക്കവും ഉറപ്പാക്കി വേനലിന്റെ വറുതികളെ വരുതിയിലാക്കാം. നമുക്ക് വേണം ജല സംരക്ഷണം. പുതിയൊരു ജലഅവബോധവും കരുതലും. ഓരോ തുള്ളിയും കരുതലോടെ.
No comments: