എ ബി സി ടോക്സ് ചാനൽ : ഹൈന്ദവ-വയലിൽ പതിയിരുന്നു ശക്തിയാർജ്ജിക്കുന്ന കള

എ ബി സി ടോക്സ് ചാനൽ : ഹൈന്ദവ-വയലിൽ പതിയിരുന്നു ശക്തിയാർജ്ജിക്കുന്ന കള 

നില്പിലും ഇരിപ്പിലും നോക്കിലും വാക്കിലും മോദി പ്രഭാവം നിഴലിപ്പിച്ചു നിർത്തുക. അതുവഴി കേരളത്തിലെ ഹിന്ദുക്കളുടെ വാർത്താ നഭസ്സിൽ കയറിക്കൂടുക. ഇടക്കൊക്കെ ഹൈന്ദവ താല്പര്യമുള്ള വിഷയങ്ങൾ ഉയർത്തുക. അങ്ങനെ ഓരോ ഹിന്ദുവിന്റെയും മൊബൈലിൽ തങ്ങളുടെ ചാനൽ ലിങ്ക് പിൻ ചെയ്തിടുവിക്കുക. ശേഷം ചെറിയ വിമർശനങ്ങൾ ആരംഭിക്കുക. തുടർന്ന് ആർ എസ് എസ്സിനെ എതിർക്കുകയും നാശം വരുത്തുകയും ചെയ്യുക എന്ന യഥാർഥ ലക്ഷ്യത്തിലേക്കു ചുവടു മാറ്റുക. 


ഇത്തരത്തിൽ വ്യക്തമായ പ്ലാനുകളോടെ പ്രവർത്തിക്കുന്ന ഓൺലൈൻ ചാനലുകൾക്ക് മികച്ച ഉദാഹരണമാണ് എബി സി ടോക്സ് എന്ന് അവരുടെ പ്രവർത്തനങ്ങൾ തെളിയിക്കുന്നു. തഴക്കം ചെന്ന ഇടതു സഹയാത്രികരാണ് ഇതിൻ്റെ തലപ്പത്ത് എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. 


ഹിന്ദു താല്പര്യമുള്ള വിഷയങ്ങൾ ഉയർത്തിയും കേന്ദ്രത്തിലെ മോദി പ്രഭാവം ഫലവത്തായി അവതരിപ്പിച്ചും ആർ എസ് എസിൻ്റെയും പൊതു ഹിന്ദുക്കളുടേയും വാർത്തായിടം എതിരില്ലാതെ കൊയ്ത് ബിസിനസ് കൊഴിപ്പിച്ച ചാനൽ പതിയെ അവരുടെ യഥാർഥ ലക്ഷ്യത്തിലേക്കു പദമൂന്നാനാരംഭിച്ചിരിക്കുകയാണ്. ആർ എസ് എസിനെ തകർക്കുക എന്ന ലക്‌ഷ്യം മുൻ നിർത്തിയാണ് കഴിഞ്ഞ ദിവസം ജന്മഭൂമിക്കെതിരായി നടത്തിയ ഒരഭിമുഖം ചാനൽ സംപ്രേഷണം ചെയ്യ്തത്. ഒരു പ്രസ്ഥാനത്തിനോ, വ്യക്തിക്കോ എതിരെ ഒരു നെഗറ്റീവ് അഭിമുഖമോ വാർത്തയോ നൽകുമ്പോൾ അവരുടെ അഭിപ്രായത്തിനു കൂടി പരിഗണന കൊടുക്കുക എന്നതാണ് പത്ര/മാധ്യമ ധർമം. അഭിമുഖം നൽകുന്ന ആളിന്റെ അഭിപ്രായം പ്രക്ഷേപണം ചെയ്യുന്ന മാധ്യമം അത് സ്വയം അരക്കിട്ടുറപ്പിച്ചു ബോധിപ്പിക്കുന്നതിലൂടെ ആ മാധ്യമത്തിന്റെ ഉദ്ദേശ ശുദ്ധി തീർച്ചയായും ചോദ്യം ചെയ്യപ്പെടും. 


വെറും നാലു മാസം കൊണ്ട് ജന്മഭൂമിയിലെ പത്രാധിപസ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട രാമചന്ദ്രനെന്ന പത്രപ്രവർത്തകനെ വിളിച്ചിരുത്തി ജന്മഭൂമി എം ഡിയേയും ജനറൽ മാനേജരേയും അധിക്ഷേപിക്കാൻ ഇടം നൽക്കുകയായിരുന്നു ചാനൽ. ജന്മഭൂമിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചാനലിനോ പുറത്താക്കപ്പെട്ട പത്രാധിപർക്കോ ഒന്നും ചെയ്യാനില്ലെന്നിരിക്കെ ആർ എസ് എസിൻ്റെ തലപ്പത്തിരിക്കുന്ന രണ്ടു പേരെ വ്യക്തിഹത്യ നടത്തി സംഘത്തിന്റെ വിശ്വാസ്യത തകർക്കാനാണ് ചാനൽ ശ്രമിച്ചത്.


 പുറത്താക്കപ്പെട്ട പത്രാധിപരോട് ഒരു മറുചോദ്യമോ വിശദീകരണമോ അവതാരകൻ ചോദിച്ചില്ല എന്നത് ശ്രദ്ധിക്കണം. വ്യക്തിപരമായ അധിക്ഷേപങ്ങളെ തടഞ്ഞതുമില്ല. എന്തിനേറെ, എഡിറ്റുചെയ്യാൻ പോലും മെനക്കെട്ടില്ല. ജന്മഭൂമിക്ക് ബിജെപി പതിനാലു കോടി നൽകിയെന്ന കല്ലുവെച്ച നുണയും മറുചോദ്യമില്ലാതെ ഛർദ്ദിച്ചു. വാർഷികവരിസംഖ്യാ പ്രവർത്തനത്തിലൂടെ, ജന്മഭൂമി രസീതിൽ ബിജെപി പ്രവർത്തകരുടെ കൂടി സഹായത്താൽ കിട്ടിയ തുക അറിയുക ജന്മഭൂമിക്ക് മാത്രമാണ്. അത് വരിക്കാർക്ക് ഒരു വർഷം പത്രം അടിച്ചു നൽകാനാണ്.  വരിക്കാർക്ക് ദിനംപ്രതി പത്രം ലഭിക്കുന്നുണ്ടോ എന്നതാണ് ഇതിലെ വിഷയം. പത്രവിതരണം സുഗമമായി നടക്കുന്നുമുണ്ട്. ബി ജെ പി നൽകിയ പണം ജന്മഭൂമി തലപ്പത്തുള്ളവർ എന്തു ചെയ്തു എന്ന സംശയം ബാക്കി നിർത്തി ചർച്ച തുടരുകയാണ്. ഇത് തേജോവധ മാധ്യമ പ്രവർത്തനമാണ്. അംഗീകരിക്കാവുന്ന മാതൃക അല്ല.


ആർ എസ് എസ് നേതൃത്വത്തെ സംശയനിഴലിലിൽ നിർത്തുന്നതിനായി എത്ര കുത്തും കോമയും ആ അഭിമുഖത്തിൽ ചേർത്തുവെന്നു ശ്രദ്ധിക്കുക.  ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഒരു സംശയം ജനിപ്പിച്ച് ആശയകുഴപ്പമുണ്ടാക്കുക.  അത് ഒരു പൊതു തെരെഞ്ഞെടുപ്പ് കാലത്തല്ലാതെ എന്നാണു ചെയ്യുക എന്ന ചാനലിന്റെ അനീതി ബോധം അരക്കിട്ടുറപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പ് കാലത്ത് സംഘടനയിലും പൊതു ഹിന്ദു സമൂഹത്തിലും ഇടത് അനുകൂല മാറ്റത്തിന് ഇത് ഗുണം ചെയ്യും എന്ന് ചാനൽ മേധാവികൾ കരുതുന്നു. ഹിന്ദു വോട്ടുകളൈ ഭിന്നിപ്പിക്കുന്നതിനുള്ള ഉപകരണമായി ചാനലിനെ പരുവപ്പെടുത്താനും ഇതു വഴി കഴിയും.


അടുത്തയിടെ നടത്തിയ പ്രചാര പ്രവർത്തനത്തിലൂടെ ജന്മഭൂമി കോപ്പികളിലുണ്ടായ വൻ വർധനവും ഇടതു ചാനലിന് ദഹിച്ചിട്ടില്ല. പത്രത്തിനെ ദുർബലപ്പെടുത്തിയും ആർഎസ്എസിനെ അപകീർത്തിപ്പെടുത്തിയും മുന്നേറുമ്പോൾ തന്നെ ഹിന്ദു മനസ്സുകളിൽ പിടിച്ചു നിന്ന് പണം കൊയ്യാമെന്നാണ് ചാനൽ കരുതുന്നത്. ഏതായിരുന്നാലും ആർ എസ് എസ് എന്ന മൂന്നക്ഷരം ഭാരതത്തിലെ ഓരോ ഹിന്ദുവിന്റെയും മനസ്സിലാണ് കുടികൊള്ളുന്നതെന്ന് ഇത്തരക്കാർ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

No comments:

Powered by Blogger.