രാമചന്ദ്രനും ജന്മഭൂമിയും - രാമചന്ദ്ര വിഹ്വലതകളും
രാമചന്ദ്രനും ജന്മഭുമിയും - രാമചന്ദ്ര വിഹ്വലതകളും
ഒരു ഓൺലൈൻ മീഡിയയിൽ രാമചന്ദ്രൻ എന്നയാളുടെ ഒരഭിമുഖം ശ്രദ്ധിക്കുകയുണ്ടായി. 2016 ൽ ജന്മഭൂമി പത്രത്തിൽ നാല് മാസം ചീഫ് എഡിറ്റർ ആയി ജോലി ചെയ്തു എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത് (ചീഫ് എഡിറ്ററായി യുദ്ധം ആരംഭിച്ചു എന്ന് പറയാനാണ് എനിക്കിഷ്ടം). ഇത്രയും സുദീർഘമായ മാധ്യമ പാരമ്പര്യമുള്ള ഒരു പത്രത്തിൽ ചീഫ് എഡിറ്റർ തസ്തികയിൽ മരണം കൊണ്ടല്ലാതെ നാല് മാസത്തിനുള്ളിൽ പിരിഞ്ഞു പോകേണ്ടി വന്ന ചീഫ് എഡിറ്റർ പട്ടം തന്നെ ദുരൂഹമാകുകയാണ്. എം പി മൻമഥനെപോലെ വി എം കോറാത്തിനെപോലെ ലീല മേനോനെ പോലെയുള്ള മാധ്യമ രംഗത്തെ അതികായവ്യക്തിത്വങ്ങൾ ഏറെ നാൾ ഇരുന്ന പദവിയാണ് ജന്മഭൂമി പത്രത്തിന്റെ ചീഫ് എഡിറ്റർ കസേര.
ജന്മഭൂമി എം ഡി, ജനറൽ മാനേജർ എന്നിവരെ നിശിതമായി വിമർശിക്കുന്ന രീതിയിലാണ് അഭിമുഖം പുരോഗമിക്കുന്നത്. വിമർശനം എന്ന് പറയാൻ കഴിയില്ല. ഒരു തേജോവധ ശ്രമം. സത്യത്തിൽ ഒരു തഴക്കം വന്ന മാധ്യമ പ്രവർത്തകൻ എങ്ങനെയാണോ 2 ഉന്നത വ്യക്തികളെ ദുരാരോപണങ്ങൾ കൊണ്ട് സമൂലം കരി വാരി തേക്കേണ്ടത് എന്ന ഗവേഷണമാണ് രാമചന്ദ്രൻ നടത്തുന്നത്. ചോറ് കൊടുക്കാൻ ശ്രമിക്കുന്ന കയ്യിൽ കൊത്തുക എന്നത് പാമ്പിന്റെ സ്വഭാവമാകാം.
എഴുതി നൽകിയ ചോദ്യങ്ങൾ വായിക്കുകയും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അവതരിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് അഭിമുഖം പുരോഗമിക്കുന്നത്. എന്തായാലും അതിലെ ചില ആരോപണങ്ങൾ യുക്തിക്കത്ര നിരക്കുന്നതല്ല. ജന്മഭൂമി പത്രത്തിനും അതിലെ ജീവനക്കാർക്കും തൊഴിൽ സംരക്ഷണവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുക എന്ന ഒരു ലക്‌ഷ്യം തന്റെ ആരോപണങ്ങൾക്ക് ശക്തി പകരുന്നതിനായി അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. അത് ജന്മഭൂമിയെ സ്നേഹിക്കുന്ന നിരവധി പേരിൽ സംശയത്തിന്റെ വിത്തുപാകാനിടം നല്കുമെന്നതുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്.
എന്തുകൊണ്ടാണ് രാമചന്ദ്രന് ചീഫ് എഡിറ്റർ സ്ഥാനം ഏറ്റെടുത്തു നാല് മാസത്തിനുള്ളിൽ നിഷ്‌കാസിതനാകേണ്ടി വന്നത് എന്നൊരു ചോദ്യം ഏതൊരു മാധ്യമ തലച്ചോറും ചോദിച്ചു പോകും. അതും ചിന്തിക്കേണ്ടേ? ഒരു പത്രത്തിന്റെ ചീഫ് എഡിറ്റർ സ്ഥാനം അത്ര ചെറിയ അധികാര കേന്ദ്രമൊന്നുമല്ല. അതും ആർ എസ് എസ് പോലുള്ള, മാനേജ്‌മന്റ് വൈദഗ്ദ്ധ്യത്തിന് ഒന്നാം റാങ്ക് നേടുന്ന ഒരു പ്രസ്ഥാനത്തിന്റെ പത്രത്തിന് ചില മൂല്യങ്ങൾ കാത്തു സൂക്ഷിക്കേണ്ടതുണ്ട്. അത്തരം സ്ഥാപനത്തിന് ഒരു രീതിയുണ്ട്, ഒരു വ്യവസ്ഥയുണ്ട്.
ഇവിടെ രാമചന്ദ്രന്റെ വാക്കുകൾ പുനരാലോചനക്ക് വെക്കേണ്ടി വരുന്നതെന്തുകൊണ്ടാണ്? ഒരു മാധ്യമ സ്ഥാപനത്തിൽ നിന്ന് പുറത്താക്കുകയും/പുറത്താകുകയും ചെയ്ത ഒരാൾ 8 വർഷത്തിന് ശേഷം ചില ആരോപണങ്ങളുമായി വരുന്നു. അതും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ മുതിർന്ന കാര്യകർത്താക്കൾക്കെതിരെ. 400 ഓളം പേര് തൊഴിലെടുക്കുന്ന ഒരു സ്ഥാപനത്തിൽ നിന്ന് നിലവിൽ ജോലി ചെയ്യാത്ത ചിലരുടെ പരാതികൾ അതിന് മേമ്പൊടിയായി ചേർക്കുന്നു. അടി മുടി ദുരൂഹമാണിത്. ഇതിൽ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടാകാം. അതും വരും ദിവസങ്ങളിൽ പരിശോധിക്കേണ്ടതാണ്. എന്നിരുന്നാലും കാര്യമാത്ര പ്രസക്തമായ പരാതികൾ ജന്മഭൂമി ഉൾക്കൊള്ളേണ്ടത് തന്നെയാണ്.
ഒരാളെ ഒരു ജോലി ഏൽപ്പിക്കുന്നത് ഏൽപ്പിക്കുന്നവർ പറയുന്ന ജോലി അവരുടെ സിദ്ധാന്തത്തിനും മേന്മക്കും വേണ്ടി പദ്ധതി അനുസരിച്ച് നടപ്പിലാക്കാനാണ്. ചീഫ് എഡിറ്റർക്ക് കിട്ടേണ്ടത് ശമ്പളമാണ്. അല്ലാതെ മാധ്യമ ഗുണ്ടാ പിരിവല്ല. നാലാള് വായിക്കാൻ തക്കവണ്ണം എഴുതാനും എഡിറ്റു ചെയ്യാനും കഴിയുമെന്നത് കൊണ്ട് എനിക്ക് പണം തന്നില്ലെങ്കിൽ ഞാൻ തകർത്ത് കളയും എന്നൊക്കെ പറഞ്ഞു പണം ആവശ്യപ്പെടുകയും അത്തരം ധാരാളം പരാതികൾ ഒരു മാനേജ്മെന്റിന്റെ പരിഗണനക്ക് വരികയും ചെയ്യുമ്പോൾ ഒരു സംഘടനയുടെ മേൽനോട്ടത്തിൽ മുന്നോട്ടു പോകുന്ന ഒരു മാധ്യമ സ്ഥാപനത്തിന് അത് കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല. പോപ്പുലർ ഫിനാൻസ് പോലുള്ള ചില സ്ഥാപങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും പണമിടപാട് വക്തിപരമായി നടന്നിട്ടുണ്ടോ എന്നതുകൂടി രാമചന്ദ്രനെ പോലുള്ളവർ വ്യക്തമാക്കണം. ഉണ്ട് എന്ന ബോധ്യമാണ് ഈ ലേഖകന് ഉള്ളത്.
ജന്മഭൂമി പത്രത്തിന്റെ എം ഡി, ജനറൽ മാനേജർ എന്നിവർക്ക് തങ്ങളുടെ ജീവനക്കാരുടെ തെറ്റുകൾ ഒന്നോ രണ്ടോ പ്രാവശ്യം മറച്ചു വക്കാൻ കഴിയും. എന്നാൽ അത് അനുസ്യൂതം തുടരുമ്പോൾ നടപടികൾ കൈക്കൊള്ളാൻ അവർ ബാധ്യസ്ഥരാകും.
രാമചന്ദ്രനെ ജന്മഭൂമി പുറത്താക്കിയതാണോ എന്നത് ആര് വ്യക്തമാക്കും. എന്തായാലും ചീഫ് എഡിറ്റർ എന്ന തസ്തികയിൽ പ്രവേശിക്കുന്ന ഒരാൾ നാല് മാസത്തിനുള്ളിൽ പുറത്തു പോകണമെങ്കിൽ ആ സ്ഥാപനത്തിനുള്ളിലെ എന്തെങ്കിലും തൊഴിൽ പരമായ വിഷയങ്ങളാകില്ല അതിനു പിന്നിലുണ്ടാകുക. കാരണം അത്തരം വിഷയങ്ങൾ സമയമെടുത്തു പരിഹരിക്കാനാണെല്ലോ ഉന്നത പദവിയിലേക്ക് ഒരാളെ തെരഞ്ഞെടുക്കുക. ആ ഉത്തരവാദിത്വം രാമചന്ദ്രൻ നിർവഹിച്ചില്ല എന്നത് അദ്ദേഹത്തിൻറെ എണ്ണപ്പെട്ട ചീഫ് എഡിറ്റർ ദിനങ്ങൾ തന്നെ തെളിയിക്കുന്നു. നാല് മാസം ഒരു ഹണിമൂൺ പീരീഡ് പോലുമാകുന്നില്ല. രാമചന്ദ്രൻ പുറത്തു പോയത് ഗുരുതരമായ പരാതികളുടെ അടിസ്ഥാനത്തിലാണ്. അത് മറയ്ക്കാൻ ജന്മഭൂമി എം ഡി, ജനറൽ മാനേജർ എന്നിവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അത് വെറും വ്യക്തിപരമായ തേജോവധം ചെയ്യൽ മാത്രമാണ്.
ഇവിടെ രാമചന്ദ്രന്റെ ലക്‌ഷ്യം എന്താകാം എന്ന തീരുമാനത്തിലെത്തേണ്ടതുണ്ട്. സംഘ കാര്യകർത്താക്കളിലൂടെ സംഘത്തെയോ, അതിന്റെ മാധ്യമ സ്ഥാപനത്തെയോ ആക്രമിക്കുക തന്നെയാണ്. അതിന് ചില വൈകാരിക വിഷയങ്ങൾ കൂട്ടിക്കുഴച്ചു തന്റെ വൈരാഗ്യം, സ്പർദ്ധ എന്നിവക്ക് ശമനം വരുത്തുക. അല്ലാതെ മറ്റെന്തു വിപ്ലവം ഉണ്ടാക്കാനാണ്. തന്റെ വഴിവിട്ട പ്രവർത്തന രീതികളുടെ ഓർമ്മകൾ തന്നെത്തന്നെ തിരിഞ്ഞു കുത്തുന്നതിൽ നിന്നുണ്ടാകുന്ന ഒരു കുറ്റബോധം, മറ്റാരുടെയെങ്കിലും തലയിൽ വച്ച് സ്വയം സമാധാനിക്കുക. തൊഴിൽ തർക്കം പരിഹരിക്കാൻ എന്തെല്ലാം വഴികളുണ്ട്. അതല്ല രാമചന്ദ്രന്റെ ലക്‌ഷ്യം. ധാരാളം ജീവനക്കാരുള്ള ഒരു സ്ഥാപനത്തിലെ എല്ലാ വിഷയവും രാമചന്ദ്രന് പരിഹരിക്കാൻ കഴിയില്ലല്ലോ. അതിനുള്ള അവസരം കിട്ടിയപ്പോൾ അത് ചെയ്തുമില്ല. ശ്രമിച്ചുമില്ല.
ചെറുകിട ഇടത്തരം മാധ്യമ സ്ഥാപനങ്ങളെല്ലാം നിലനില്പിനായി പോരാടുകയാണ്. എത്രയധികം പേരാണ് ഇത്തരം സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നത്. ഇത്തരം എല്ലാ സ്ഥാപനങ്ങളിലും തർക്കങ്ങളും പോരായ്മകളും ഒക്കെ ഉണ്ടാകാറുണ്ട്. തെറ്റുകളും കുറ്റങ്ങളും ഉണ്ടാകാറുണ്ട്. അതിനൊക്കെ പരിഹാരം വിഴുപ്പലക്കലല്ലല്ലോ. മിനിമം 4 മാസം ചീഫ് എഡിറ്ററായിരുന്ന ഒരാളല്ലേ?
രാമചന്ദ്രന്റെ അഭിമുഖത്തിൽ നിന്ന് മനസ്സിലാക്കുന്നത് അദ്ദേഹത്തെ 4 മാസം ജന്മഭൂമിയിൽ തുടരാനുള്ള അവസരം അനുവദിച്ചത് എം ഡി, ജനറൽ മാനേജർ എന്നിവർ ചെയ്ത ഒരു അപരാധമായേ വിലയിരുത്താൻ കഴിയൂ എന്നാണ്.
No comments: