കടുവ ആന പന്നി : ജീവിതം വഴി മുട്ടി മലയോര കർഷകർ
കടുവ ആന പന്നി : ജീവിതം വഴി മുട്ടി മലയോര കർഷകർ
വടശേരിക്കര: മലയോര മേഖലയിൽ കാട്ടു മൃഗങ്ങളുടെ ആക്രമണം ഭയന്ന് ജീവിതം കഴിച്ചു കൂട്ടുകയാണ് മലയോര കർഷകർ. പകൽ സമയങ്ങളിൽ പോലും ഭീതിയോടെയാണ് ജനങ്ങൾ വീടിനു പുറത്തിറങ്ങുന്നത്. നാടിറങ്ങിയ കടുവ ഭീതി പരത്തി ദിവസങ്ങളായി ജനവാസ മേഖലയിൽ കറങ്ങി നടന്ന് വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നു. വടശേരിക്കര ഒളികല്ല് ഭാഗത്തു കഴിഞ്ഞ ദിവസം രാത്രി ഒറ്റയാൻ ഇറങ്ങി ഭീതി പരത്തി. നിരന്തരമായ പന്നി ശല്യമാണ് മറ്റൊരു പ്രതിസന്ധി.
ഒളികല്ല് ഭാഗത്ത് മണിമലയത്തു റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനിറങ്ങിയ റെജി എന്ന തൊഴിലാളി അത്ഭുതകരമായാണ് കടുവയിൽ നിന്നും രക്ഷപെട്ടത്. നാലടിയിലേറെ പൊക്കമുള്ള കടുവ തൊട്ടു മുന്നിലെത്തിയപ്പോൾ റബ്ബർ മരത്തിൽ ഓടിക്കയറിയെങ്കിലും താഴെ വീഴുകയായിരുന്നു. തുടർന്ന് കടുവക്കു മുന്നിലൂടെ തെട്ടടുത്തുള്ള ബാത്ത് റൂമിൽ ഓടി കയറി രക്ഷപെട്ടു. ഇയാൾക്ക് പരിക്കേട്ടിടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ കുമ്പളത്താമണ്ണ് മണപ്പാട്ട് രാമചന്ദ്രൻ നായരുടെ ആട്ടിൻ കൂട്ടിൽ കയറി കെട്ടി ഇട്ടിരുന്ന ആടിനെ കടുവ പിടികൂടി കൊന്നു. ആട്ടിൻ കൂടിന്റെ പരിസരത്തു കടുവയുടെ കാൽപാടുകൾ കണ്ടെത്തി. രണ്ടു ദിവസം മുൻപാണ് മറ്റൊരു കർഷകന്റെ ആടിനെ കടുവ കൊന്നത്. അന്ന് പകൽ ജോലിക്കു പോകുകയായിരുന്ന വഴി യാത്രക്കാരന്റെ മുന്നിലേക്ക് കടുവ വന്നതായി വാർത്ത പരന്നിരുന്നു.
ഇതിനു പുറമെയാണ് കാട്ടാന ഭീതി പരത്തി ബൗണ്ടറി ഭാഗത്ത് ചുറ്റി തിരിഞ്ഞത്. കൃഷി നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ബഹളം വച്ച് ഓടിച്ചു. കാട്ടാന ഈ ഭാഗത്ത് നാടിറങ്ങുന്നതു പതിവാണ്. നേരത്തെ ചില്ലികൊമ്പൻ എന്ന കാട്ടാന കല്ലാറിലൂടെ നടന്ന് വന്നു ഒരാളെ കൊലപ്പെടുത്തിയിരുന്നു. പകൽ സമയങ്ങളിൽ പോലും കാട്ടു പന്നി ശല്യം രൂക്ഷമായിരിക്കുന്നത് തൊഴിലാളികൾക്കും കർഷകർക്കും വലിയ ഭീഷണി ആയിരിക്കുകയാണ്. കഴിഞ്ഞ വർഷം കാട്ടു പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ഇരു ചക്ര വാഹന യാത്രക്കാരൻ മരിച്ചിരുന്നു. തലനാരിഴക്കാണ് മനുഷ്യ ജീവനുകൾ വന്യ മൃഗങ്ങളിൽ നിന്ന് രക്ഷ പെടുന്നതെങ്കിലും ക്യാമറകൾ സ്ഥാപിക്കുന്ന തിരക്കിലാണ് വനവകുപ്പ്. ആദ്യം കടുവയെ കണ്ട ബൗണ്ടറി ഭാഗത്ത് കൂടു വച്ചെങ്കിലും കടുവ മറ്റു സ്ഥലങ്ങളിൽ ഭീതി പരത്തി പായുകയാണ്.
വളർത്തു മൃഗങ്ങളും കൃഷിയും നഷ്ടപ്പെടുന്നത് മാത്രമല്ല പുലി കടുവ ആന മുതലായ വന്യ ജീവികൾ കർഷകരുടെ ജീവന് ഭീഷണിയാകുന്നതാണ് ഏറെ ആശങ്ക ജനിപ്പിക്കുന്നത്. വന്യ ജീവികളുടെ ആക്രമണം കാരണം വന ഭൂമിക്കു തൊട്ടടുത്തു കൃഷി ചെയ്യുന്നത് ഏറെയും കർഷകർ നിർത്തി വച്ചിരിക്കുകയാണ്. ഇതോടെ കൂടുതൽ ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ എത്തുന്നത് ഭീതിയോടെയാണ് ജനങ്ങൾ നേരിടുന്നത്. കുരങ്ങനാണ് കൃഷി നശിപ്പിക്കുന്നവയിൽ മുഖ്യം. തേങ്ങാ, വാഴക്കുലകൾ എന്നിവ പരിപൂർണമായും നശിപ്പിക്കുകയാണ് ഇവ. കൂട്ടത്തോടെ എത്തുന്ന ഇവയെ പ്രധിരോധിച്ചാൽ അക്രമാസക്തരാകും. കിഴങ്ങു വർഗ്ഗങ്ങൾ പൂർണമായും നശിപ്പിക്കുന്നത് പന്നിയാണ്.
വന്യ ജീവികൾ കാട് വിട്ടു നാട്ടിലേക്കിറങ്ങുന്നതു തടയാൻ ധാരാളം പദ്ധതികളുണ്ടെങ്കിലും വനം വകുപ്പ് ഇതൊന്നും നടപ്പാക്കാറില്ല. മലയോര പഞ്ചായത്തുകളിലെ വനത്തോടു ചേർന്നു കിടക്കുന്ന മേഖലകളിൽ കർഷകർക്ക് ജീവിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. മൂന്ന് മീറ്റർ വീതിയിലും ആറ് മീറ്റർ ആഴത്തിലും ട്രഞ്ചുകൾ അടിയന്തിരമായി നിർമിക്കണം എന്ന പഞ്ചായത്തുകളുടെ നിർദ്ദേശം വനം വകുപ്പ് ചെവി കൊണ്ടിട്ടില്ല. ട്രഞ്ചുകളുടെ ഇരുഭാഗവും കീഴ്ഭാഗവും കോൺക്രീറ്റ് ഭിത്തി നിർമ്മിച്ച് കനാലുകൾ പോലെ സുരക്ഷിതമാക്കിയ ശേഷം വനാതിർത്തിയിൽ കമ്പിവേലികൾ പാകി ജനവാസ മേഖലയേയും വനത്തേയും വേർതിരിക്കണ മെന്നാണ് നിർദ്ദേശം. വന്യ ജീവികൾക്ക് അവയുടെ ആവാസവ്യവസ്ഥ വിട്ട് പുറത്തിറങ്ങാൻ പറ്റാത്ത വിധം ജീവിക്കാൻ ആവശ്യമായ ക്രമീകcരണങ്ങൾ അതാത് വന പ്രദേശങ്ങളിൽ ചെയ്യണ്ടതാണ്. കർണാടകയിലും തമിഴ്നാട്ടിലും ഒക്കെ ഇത്തരത്തിൽ ട്രഞ്ചുകൾ നിർമിച്ചിട്ടുണ്ട്. ആനമതിൽ, റെയിൽഫെൻസിങ് എന്നിവയും സ്ഥാപിക്കാവുന്നതാണ്.
വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ഒന്നിൽ പുറമേ ഒന്നായി ആവർത്തിച്ചിട്ടും വനം വകുപ്പോ സർക്കാരോ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല.
No comments: