കടുവ പ്പേടിയിൽ കട്ടച്ചിറ
കടുവ പ്പേടിയിൽ കട്ടച്ചിറ
വടശേരിക്കര: ചിറ്റാർ കട്ടച്ചിറയിൽ കടുവ നാട്ടിലിറങ്ങി പശുവിനെ കൊന്നു. പശുവിന്റെ ഉടമസ്ഥ നോക്കി നിൽക്കെ അവരുടെ തൊട്ടടുത്തു കെട്ടിയിട്ടിരുന്ന പശുവിനെയാണ് കടുവ ആക്രമിച്ചത്.
കട്ടച്ചിറ, പരിത്യാനിപ്പടി, ഈറ നിൽക്കുന്നതിൽ അച്ച്യുതന്റെ മൂന്നു പശുക്കളിൽ ഒന്നിനെയാണ് കടുവ ആക്രമിച്ചത്. കഴിഞ്ഞ ദിവസം പകൽ 11 മണിയോടെ പശുക്കളെ തോട്ടിൽ കുളിപ്പിച്ച് കൊണ്ട് നിൽക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. അച്ച്യുതന്റെ ഭാര്യ ഉഷ കടുവ ആക്രമിച്ച പശുവിനെ കുളിപ്പിക്കുന്നതിനായി 4 മീറ്റർ ദൂരത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഗർഭിണിയായിരുന്നു പശു. മറ്റൊരു പശുവിനെ കുളിപ്പിക്കുന്നതിനിടയിൽ കെട്ടിയിട്ടിരുന്ന പശുവിന്റെ കരച്ചിൽ കേട്ട് തല ഉയർത്തി നോക്കിയ ഇവർ കടുവ പശുവിനെ ആക്രമിക്കുന്നതാണ് കണ്ടത്. ഇതോടെ ബഹളം വച്ച ഉഷയോടൊപ്പം നാട്ടുകാരും ഓടിക്കൂടിയതോടെ പശുവിനെ ഉപേക്ഷിച്ച് കടുവ കാട്ടിലേക്ക് മറഞ്ഞു.
സംഭവമറിഞ്ഞു വനപാലകർ സ്ഥലത്തെത്തി. കുഴി കുഴിച്ചു മറവു ചെയ്യാതെ പശുവിനെ കുഴിയിൽ തന്നെ ഇടുകയായിരുന്നു. രാത്രിയിൽ കടുവ വീണ്ടുമെത്തി ചത്ത പശുവിന്റെ ഭാഗങ്ങൾ ഭക്ഷിച്ചു. തുടർന്ന് ഇന്നലെ രാവിലെ വനപാലകർ സ്ഥലത്തു ക്യാമറ സ്ഥാപിച്ചു. എന്നാൽ അക്രമകാരിയായ കടുവയെ കുടുക്കാൻ കൂടു സ്ഥാപിച്ചിട്ടില്ല.
നാല് വശവും വനത്താൽ കറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ചിറ്റാർ കട്ടച്ചിറ. വനമൃഗങ്ങളുടെ ശല്യം ഇവിടെ രൂക്ഷമാണ്. ആനയാണ് പ്രധാന വില്ലൻ. മണിയാർ - കട്ടച്ചിറ റോഡിൽ ഇതുവരെ 4 തവണ കടുവയെ കണ്ടിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞയിടെ മണിയാർ ക്യാമ്പിൽ വളർത്തിയിരുന്ന ആടിനെയും കടുവ ആക്രമിച്ചു കൊന്നതായി വിവരങ്ങളുണ്ട്. നാട്ടുകാർ കടുവയുടെ ആക്രമണം ഭയന്ന് അതീവ ഭീതിയിലാണ്.
No comments: