വില്ലേജിലെ ബി ടി രജിസ്റ്ററിൽ കൃത്രിമം ; നടപടിക്കു പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടൽ. തണ്ണീർതട പരിധിയിൽ അനധികൃത നിർമ്മാണ പ്രവർത്തനം

തിരുവനന്തപുരം : കിളിമാനൂരിൽ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻറിന് സമീപം പ്രവാസി വ്യവസായി വയൽ മണ്ണിട്ട് നികത്തിയത് വില്ലേജ് രേഖയിൽ ക്രിത്രിമം കാട്ടിയെന്ന് വ്യക്തമാകുന്നു .രഹസ്യമാക്കി വെച്ചിരുന്ന വിവരമാണ് പാർട്ടിയിലെ അംഗങ്ങൾ തമ്മിലുള്ള അഭിപ്രായ ഭിന്നതമൂലം ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . ജീവനക്കാരുടെ ഒത്താശയോടെ പഴയകുന്നുമ്മേൽ വില്ലേജ് ആഫീസിലാണ് വ്യാജരേഖ ഉണ്ടാക്കിയിരിക്കുന്നത്. വില്ലേജ് രജിസ്റ്ററിൽ വസ്തുവിൻറെ സ്വഭാവം എന്ന കോളത്തിൽ അനധികൃതമായി പുരയിടമെന്ന് അവ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നതായാണ് പുറത്തുവരുന്ന വിവരം . കാലപ്പഴക്കമുള്ള വില്ലേജ് രേഖയിൽ ചിതലരിച്ചതു പോലുള്ള കടലാസിൽ നിലമെന്നത് തിരുത്തി പുരയിടമാക്കി മാറ്റിയിട്ടുള്ളതായാണ് കാണപ്പെടുന്നതത്രെ .ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയാണ് വില്ലേജധികൃതർ വ്യാജരേഖ നിർമ്മാണം നടത്തുന്നതെന്ന ഗൗരവമുള്ള വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. രേഖ തിരുത്താൻ വസ്തുവിൻറെ വിലയുടെ 10 ശതമാനം മുതൽ 20 ശതമാനം വരെ തുക കൈക്കൂലിയായി കൈപ്പറ്റിയതായും ആരോപണമുയരുന്നു. ചിറയിൻകീഴ് താലൂക്ക് ഡെപ്യൂട്ടി തഹസീൽദാർ വിവരാവകാശം വഴി നൽകിയ മറുപടിയിൽ പ്രസ്തുത സ്ഥലം തണ്ണീർതട സംരക്ഷണ നിയമത്തിൻറെ പരിധിയിൽ വരുന്നതാണെന്ന് വ്യക്തമായി സൂചിപ്പിക്കുന്നു. പൂർണ്ണമായും നിലമായി കാണപ്പെടുന്ന പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് ചുറ്റുമുള്ള പ്രദേശത്ത് ബ്ലോക്ക് നമ്പർ 31ൽ സർവ്വേ നമ്പർ 232/1-2 ൽപ്പെട്ട 3.30 ആർ സ്ഥലവും 233/6-ൽ 1.35 ആറും വസ്തുക്കളാണ് നിലമായി കിടന്നത് .ഇവിടെയാണ് വില്ലേജ് രേഖയിൽ ക്രിത്രിമം കാട്ടി പുരയിടമാക്കി മാറ്റിയിരിക്കുന്നത്. 13374 നമ്പർ തണ്ടപ്പേരിലുൾപ്പെട്ട സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ മാത്രമാണ് ഇത്തരത്തിൽ നിലം,പുരയിടമായി വില്ലേജ് രേഖയിൽ കാണപ്പെടുന്നതെന്ന് താലൂക്ക്ഡെപ്യൂട്ടി തഹസീൽദാർ നൽകിയ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കുന്നു. മറ്റൊരു തണ്ടപ്പേരിൽപ്പെട്ട 232/1 ൽപ്പെട്ട 0.80 ആർ വസ്തു ഇപ്പോഴും നിലമായി തന്നെ കാണപ്പെടുന്നു. എന്നാൽ ഒരേ സർവ്വേ നമ്പരിൽപ്പെട്ട രണ്ട് വ്യക്തികളുടെ നിലം ഒന്ന് പുരയിടമായും മറ്റൊന്ന് നിലമായും വില്ലേജ് രേഖയിൽ കാണുന്നതിന് പിന്നിൽ വ്യാജരേഖ ചമയ്ക്കൽ നടന്നിട്ടുണ്ട് എന്ന് വ്യക്തമാണ്. 232/1-2 സർവ്വേ നമ്പരിൽപ്പെട്ട വസ്തുവും 233/6ൽ പ്പെട്ട വസ്തുവും മാത്രം ഇത്തരത്തിൽ പുരയിടമാക്കി മണ്ണിട്ട് നികത്തിയതിന് പിന്നിൽ വലിയ നിയമ ലംഘനം നടന്നിട്ടുള്ളതായാണ് താലൂക്ക് ആഫീസിൽ നിന്നുള്ള വിവരാവകാശ രേഖ സൂചിപ്പിക്കുന്നത്. ഇത് കേരള നെൽവയൽ തണ്ണീർത്തട നിയമത്തിൻറെ ചട്ടത്തിന് വിരുദ്ധമാണെന്ന് ഡെപ്യൂട്ടി തഹസീൽദാർ തന്നെ മറുപടിയിൽ വ്യക്തമാക്കുന്നു. പഴയ കുന്നുമ്മേൽ വില്ലേജോഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ ക്രിത്രിമമാണ് നിലംപുരയിടമായി മാറിയതെന്ന്‌ താലൂക്ക് അധികൃതർ തന്നെ പറയാതെ പറയുന്നു.. രാത്രിയുടെ മറവിലാണ് പ്രവാസി വ്യവസായി വയൽ മണ്ണിട്ട്നികത്തിയത് .അടുത്ത ദിവസം വില്ലേജധികൃതർക്ക് ഇതു സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. വില്ലേജധികൃതർ ഒരു നോട്ടീസ് നൽകിയ തൊഴിച്ചാൽ മറ്റൊരു നടപടിയുമുണ്ടായില്ല. വയലിൽ നിക്ഷേപിച്ച മണ്ണ് മാറ്റുന്നതിനുള്ള യാതൊരു നടപടിയും ബന്ധപ്പെട്ട റവന്യൂ അധികൃതർ സ്വീകരിച്ചില്ല. നികത്തിയ വസ്തുവിൻറെ 3 ഭാഗവും നിലമായി കാണപ്പെടുകയാണ്. പച്ചയായ നിയമ ലംഘനം വ്യക്തമായിട്ടും അധികൃതർ നിസംഗത പാലിക്കുന്നതിന് പിന്നിൽ വൻ സാമ്പത്തിക ഇടപാടാണുള്ളത്.ബി. ടി.ആർ രേഖയിൽ പുരയിടമാണ് എന്നതാണ് നിയമ ലംഘനവിവരം ശ്രദ്ധയിൽപ്പെടുന്ന നാട്ടുകാർക്ക് വില്ലേജധികൃതരിൽ നിന്ന് ലഭിക്കുന്ന മറുപടി.റവന്യൂ വിജിലൻസ്, ജില്ലാ കളക്ടർ, ആർ.ഡി.ഒ തഹസീൽദാർ എന്നിവർക്ക് ഇതു സംബന്ധിച്ച പരാതികൾ നൽകിയിട്ടുണ്ട്.നിയമം കാറ്റിൽപ്പറത്തി സ്വകാര്യ വ്യക്തിവയൽ നികത്തിയ സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് കഴിഞ്ഞു. ഇത് പഞ്ചായത്ത് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ആണ് എന്ന ആരോപണവും ഉയരുകയാണ് .ഇവിടെ ഈ സ്വകാര്യ വ്യക്തിയുടെ താൽപര്യപ്രകാരം നാട്ടുകാരിൽ നിന്നും സംഭാവന വാങ്ങി റോഡ് പുനരുദ്ധരിച്ചു.ഇതും വിവാദമായിരിക്കുകയാണ് .പഞ്ചായത്ത് കമ്മിറ്റിയിൽ സി പി ഐ അംഗങ്ങൾ റോഡ് നവീകരണ വിഷയം ഉന്നയിച്ച് ഏറ്റു മുട്ടിയിരുന്നു . വിവരാവകാശ വിവരം പുറത്തുവന്നതും ഇതിനെ തുടന്നാണ്‌ . ഉന്നത രാഷ്ട്രീയ- ഉദ്യോഗസ്ഥ ഇടപെടലുകളുടെ ഭാഗമായി ക്യത്യസമയത്ത് നടപടികൾ സ്വീകരിക്കാത്തതിൻറെ ഉന്നമ ദൃഷ്ടാന്തമാണ് പച്ചയായ ഈ നിയമ ലംഘനത്തിനു പിന്നിൽ. കൃത്യമായ അന്വേഷണം നടത്തിയാൽ പല പ്രധാനപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരും കുടുങ്ങുമെന്ന് ഉറപ്പാണ്.

No comments:

Powered by Blogger.