രോഗികളെ സ്വകാര്യ ലാബുകളിലേക്ക് തള്ളിവിടരുത്: രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്

സർക്കാർ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ക്യാൻസർ നിർണയ പരിശോധനകളിൽ ഉണ്ടാകുന്ന കാലതാമസമാണ് സ്വകാര്യ ലാബുകളിലേക്കു രോഗികളെ തള്ളിവിടുന്നത്. സ്വകാര്യലാബുകളിൽ മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കുന്ന പരിശോധനകൾക്ക് മെഡിക്കൽ കോളേജുകളിൽ മുപ്പത് ദിവസം വരെ എടുക്കുന്ന ദയനീയമായ സ്ഥിതിയാണ് നിലവിലുള്ളത്. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ഉള്ള നെറ്റ് വർക് സംവിധാനം മെഡിക്കൽ കോളേജുകളിൽ ഇല്ല. അൻപത് സാമ്പിളുകൾ മാത്രം ദിവസേന കൈകാര്യം ചെയ്യാൻ ശേഷിയുള്ള മെഡിക്കൽ കോളേജുകളിൽ മൂന്നിരട്ടി വരെയാണ് എത്തുന്നത്. ജീവനക്കാരുടെ പോരായ്മയാണ് പ്രധാന താളപ്പിഴയായി മെഡിക്കൽ കോളേജുകൾ ചൂണ്ടിക്കാട്ടുന്നത്.

പാതോളജിസ്റ്റ്, ടെക്‌നീഷ്യന്മാർ മുതൽ ടൈപ്പിസ്റ്റ് വരെയുള്ളയുള്ളവരുടെ നിയമനങ്ങൾ ഉടനടി നടപ്പിലാക്കാതെ ഗിമ്മിക്കുകൾ കാട്ടി ആരോഗ്യവകുപ്പിന് അധികനാൾ മുന്നോട്ട് പോകാൻ കഴിയില്ല. ആർ സി സി യിൽ നിന്നും രക്തം സ്വീകരിച്ചത് വഴി എച് ഐ വി ബാധിതയായി മരണമടഞ്ഞ ബാലികയുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്.

രജനിയെപ്പോലുള്ളവരോട് കാണിച്ച മഹാപാതകത്തിനു കാലതാമസത്തിന്റെ പേര് പറഞ്ഞു രക്ഷപെടാൻ കഴിയരുത്. ക്യാൻസർ ഇല്ലാത്ത രജനിയിൽ കീമോ തെറാപ്പി നടത്തി അവരെയും അവരുടെ കുടുംബത്തെയും ദുരിതത്തിലേക്ക് തള്ളിയിടുകയാണ് സർക്കാർ സംവിധാനം ചെയ്തിരിക്കുന്നത്. ഈ കുടുംബത്തെ സർക്കാർ ഏറ്റെടുക്കുകയും പത്ത് ലക്ഷം രൂപ ഉടൻ നൽകുകയും വേണം.

ആരോഗ്യമേഖലയിൽ സമൂലമായ പൊളിച്ചെഴുത്താണ് വേണ്ടത്. ക്യാൻസർ നിർണയത്തിന് ഒരു മാസത്തിലേറെ സമയമെടുക്കുന്ന ഈ സംസ്ഥാനം ആരോഗ്യരംഗത്ത് ഒന്നാംസ്ഥാനം നേടിയെന്നൊക്കെ പറയുന്നത് വലിയ തമാശയായി അനുഭവപ്പെടും. ഫേസ്ബുക്കിലെ സ്തുതിഗീതങ്ങളിൽ മയങ്ങാതെ ആരോഗ്യ രംഗം ഉടച്ചു വാർക്കാനാണ് ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും ശ്രദ്ധിക്കേണ്ടത്.

No comments:

Powered by Blogger.