ഞെട്ടിക്കുന്ന ഭക്ഷണ വില: അതും ഭരണ സിരാകേന്ദ്രത്തിനു മൂക്കിന് താഴെ!

ഈ ഹോട്ടലിൽ തലവച്ചവർ നിരവധി. എന്നാൽ എല്ലാം വരത്താന്മാർ ആയതിനാൽ പ്രതികരിക്കാൻ നിവർത്തിയില്ലാതെ സ്ഥലം വിടും. തലസ്ഥാനത്ത് ഭരണ സിരാകേന്ദ്രത്തിനു മൂക്കിന് താഴെ കൊടും കൊള്ളയാണ് നടക്കുന്നത്. ആര് ചോദിക്കാൻ?  ആരോട് പറയാൻ?  ഭക്ഷണം കഴിച്ച് ജീവനോടെ തിരിച്ചിറങ്ങുന്നതു തന്നെ ഭാഗ്യം.

ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്നവരോട് സംസ്ഥാനത്തെ പല ഹോട്ടലുകളും അമിത ചാർജാണ്‌ ഭക്ഷണത്തിന് ഈടാക്കുന്നത്.  ഇതാണ് പല തട്ടിപ്പ് ഹോട്ടലുകളുടെയും കൊള്ളയ്ക്ക് പ്രോത്സാഹനം നൽകുന്ന പ്രധാന കാരണം. തലസ്ഥാനത്ത് അരിസ്റ്റോ ജംങ്ഷനിലെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് ബില്ല് കണ്ടു ഞെട്ടിയ യുവാവിന്റെ ബില്ലിന്റെ ചിത്രം സഹിതമുള്ള പോസ്റ്റ് കണ്ടു ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ചിലർ തങ്ങൾക്ക് ഇവിടെ നിന്നും നേരത്തെ പണികിട്ടിയ കാര്യവും ഇതോടൊപ്പം ചേർത്തു വയ്ക്കുന്നു. യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കുക.

" തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിൽ കൈരളി ശ്രീ തീയേറ്ററിന് എതിർവശത്തുള്ള ഒരു സാധാരണ ഹോട്ടൽ, ആര്യനിവാസ്. പുറത്തുനിന്ന് നോക്കിയാൽ ഏതൊരു സാധാരണക്കാരനും വയറ്റത്തടി കിട്ടുമെന്ന ശങ്കയില്ലാതെ കയറിച്ചെല്ലാൻ തോന്നുന്ന ലുക്കും ഫീലുമൊക്കെ തന്നെ. ഉള്ളിൽ കടന്നാലും കോട്ടയം അയ്യപ്പാസൊന്നുമല്ല, ഒരാവറേജ് ഹോട്ടലിൻറെ മട്ടും മാതിരിയും. വൃത്തിയൊക്കെ ഉണ്ട്, എക്സ്ട്രാ ഓർഡിനറി ഒന്നുമല്ലേലും തെറ്റില്ലാത്ത ഭക്ഷണവുമാണ്. അത്രേം ശരി.

പക്ഷേ ബില്ലുകിട്ടുമ്പോ കണ്ണുരണ്ടും ബിംഗ് ബാംഗ് ബോൾ പോലെ തള്ളി പുറത്തുവരും. രണ്ടുപേർ ഈരണ്ടു പൂരിയും ഓരോ വടേം ചായേം കഴിച്ച ബില്ലാണിത്. ഒരു ഡൈൻ ഔട്ട് മൂഡിലാണേൽ, കൊടുക്കുന്ന പണത്തിന് ഈടുതോന്നുന്ന പരിസരവും സേവനവുമൊക്കെയുള്ള ഭക്ഷണശാലയിലാണേൽ, കയ്യിൽ കാശുമുണ്ടേൽ ചെലപ്പോ ഇതിലും കൂടുതൽ കാശ് ഇതേ ഭക്ഷണത്തിന് ചെലവാക്കുന്നവരുണ്ടാകും. പക്ഷേ ഇത് സാധാരണക്കാരെ പറ്റിക്കുന്ന ഏർപ്പാടാണ്. ഇതെന്താ ചേട്ടാ ഇത്രേം വില എന്നുചോദിച്ചപ്പോ ഇവിടത്തെ വില ഇതാണ് എന്ന മറുപടി കിട്ടിബോധിച്ചു. തീവെട്ടിക്കൊള്ളക്ക് ഇതിലും അന്തസുണ്ടല്ലോന്ന് മനസിൽ തോന്നിയെങ്കിലും ചോദിച്ചില്ല. കാശ് കൊടുത്തിട്ട് ഇറങ്ങിപ്പോന്നു.

ഒരു ഓട്ടോക്കാരൻ 2 രൂപ കൂട്ടി വാങ്ങിയാൽ അവൻ പിടിച്ചു പറിക്കാരൻ. ബസിൽ 50 പൈസ ബാലൻസ് കൊടുക്കാൻ വിട്ടു പോയാൽ അവനും പിടിച്ചുപറിക്കാരൻ. പാവപെട്ടവരുടെ കഴുത്ത് അറുത്ത് കച്ചവടം ചെയ്യുന്ന ഇവൻമാരെ തടയാൻ ഇവിടെ ഒരു നിയമവും ഇല്ലെ

ഇവൻമാരെ ഇങ്ങനെ വളരാൻ അനുവദിച്ചുകൂടാ. ഇവിടെ എല്ലാത്തിനും ഒരു റേറ്റ് കൊണ്ടുവരണം.''.

യുവാവ് പോസ്റ്റൊക്കെ ഇട്ടതു ശരി തന്നെ. ഇനി അധികാരികളും, അടുപ്പക്കാരും അയാൾക്കെതിരെ പറയുന്ന, പറയാൻ പോകുന്ന വാക്കുകൾ കൂടി പെനിൻഡ്യന്യൂസ് ഇവിടെ പറയാം: "ആ ചെറുക്കൻ അല്ലെങ്കിലും അഹങ്കാരിയാണ്. അവൻ നാട് നന്നാക്കിനിറങ്ങിയിരിക്കുകയാണ്.  വേലക്കും പോകത്തില്ല, കൂലിക്കും പോകത്തില്ല. ഇപ്പഴും ആ തന്ത വല്ലോം കൊടുക്കണം".

ഇങ്ങനെ എത്ര നാൾ കേരളം മുന്നോട്ടു പോകും?  ഗാന്ധിജി കേരളത്തിലായിരുന്നു ജനിച്ചതെങ്കിൽ ഇന്ത്യക്കു സ്വാതന്ത്ര്യം പോയിട്ടു പാട്ട വിളക്കുപോലും കിട്ടില്ലായിരുന്നു

No comments:

Powered by Blogger.