മൂന്ന് എയ്ഡഡ് സ്‌കൂളുകളിലും ഡി.ഡി. ഓഫീസിലും വിജിലന്‍സ് പരിശോധന
പത്തനംതിട്ട: പ്ലസ്ടു പ്രവേശനത്തിന് സര്‍ക്കാര്‍ നിര്‍ദേശിച്ച ഫീസിന് പുറമേ സംഭാവന പിരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് എയ്ഡഡ് സ്‌കൂളുകളിലും സ്‌കൂളുകളിലെ ഒഴിവുകള്‍ നികത്തുന്നില്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ സംഘം പരിശോധന നടത്തി. കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂള്‍, മല്ലപ്പള്ളി സി.എം.എസ് ഹൈസ്‌കൂള്‍, അടൂര്‍ എന്‍.എസ്.എസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഡിവൈ.എസ്.പി പി.ഡി. ശശിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവിടെ ക്രമക്കേടോ നിയമന കാലതാമസമോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡിവൈ.എസ്.പി പറഞ്ഞു. ഇന്‍സ്‌പെക്ടര്‍മാരായ ജോണ്‍ ജേക്കബ് കാവുംഭാഗം സ്‌കൂളിലും രാധാകൃഷ്ണന്‍ നായര്‍ മല്ലപ്പള്ളി സി.എം.എസിലും പരിശോധനയ്ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരത്തു നിന്നുള്ള വിജിലന്‍സ് പ്രത്യേക സംഘമാണ് അടൂര്‍ എന്‍.എസ്.എസില്‍ പരിശോധന നടത്തിയത്. സ്‌കൂളുകളില്‍ നിന്ന് പി.ടി.എ ഫണ്ട്, സ്‌കൂള്‍ വികസന ഫണ്ട് എന്നീ ഓമനപ്പേരുകളില്‍ അമിതമായ തുക സംഭാവന ഇനത്തില്‍ ഈടാക്കുന്നുവെന്ന് കണ്ടെത്തിയെന്ന് ഡിവൈ.എസ്.പി പി.ഡി. ശശി പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിന് മാത്രമാണ് രസീത് നല്‍കുന്നത്. സംഭാവനയ്ക്ക് രസീത് നല്‍കില്ല. 5000 മുതല്‍ 25,000 വരെ സംഭാവന വാങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഡിവൈ.എസ്.പി പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.
No comments: