നിപ്പ സമ്പർക്ക പട്ടിക എന്ത്? എങ്ങനെ? ഡോ:ടി.ജയകൃഷ്ണൻ. (അഡീഷണൽ പ്രൊഫസർ കമ്യൂണിറ്റി മെഡിസിൻ വിഭാഗം കോഴിക്കോട് മെഡിക്കൽ കോളേജ്) വിശദീകരിക്കുന്നു
നിപ്പ സമ്പർക്ക പട്ടിക എന്ത്? എങ്ങനെ? ഡോ:ടി.ജയകൃഷ്ണൻ. (അഡീഷണൽ പ്രൊഫസർ കമ്യൂണിറ്റി മെഡിസിൻ വിഭാഗം കോഴിക്കോട് മെഡിക്കൽ കോളേജ്) വിശദീകരിക്കുന്നു.
നിപ്പ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി സമ്പർക്ക പട്ടിക(നിരീക്ഷണ പട്ടിക) തയ്യാറാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.കർശ്ശനമായ ചിട്ടയോട് കൂടിയ പട്ടികയാണിത്.ലോകാരോഗ്യ സംഘടനാ എബോള രോഗത്തിന് തയ്യാറാക്കിയ പട്ടികക്ക് സമാനമായ പ്രോട്ടോക്കോളുകൾ അനുസരിച്ച് മെഡിക്കൽ കോളേജുകളിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം വിദഗ്ധരും ആരോഗ്യ വകുപ്പും ചേർന്നാണ് ഇത് തയ്യാറാക്കിയത്.
എങ്ങനെ ഉണ്ടാക്കും സമ്പർക്ക പട്ടിക?
നിപ്പ രോഗിയിൽ നിന്ന് രോഗം പകരാൻ സാധ്യതയുള്ള വ്യക്തികളെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തുക.രോഗിയുമായി നേരിട്ടോ അവരുടെ സ്രവങ്ങളുമായോ സമ്പർക്കത്തിൽ ഏർപ്പെട്ടവരോ,രോഗികളുടെ സമീപത്ത്(ഒരു മീറ്റർ പരിധിക്കുള്ളിൽ) പെരുമാറിയിട്ടുള്ളവരോ ആണ് പട്ടികയിൽ ഉള്ളത്.ഇവരിൽ തന്നെ' റിസ്കുകൾക്ക് ' അനുസരിച്ച് തരം തിരിക്കും.
ആരൊക്കെ ഉൾപ്പെടും?
രോഗിയുടെ വീട്ടിലെ അംഗങ്ങൾ,രോഗിയെ പരിചരിച്ചവർ,ഒരു രാത്രിയെങ്കിലും രോഗിയുടെ മുറിയിൽ കിടന്നുറങ്ങിയവർ,രോഗിയുടെ സമീപത്ത് പതിനഞ്ച് മിനിറ്റിലധികം സമയം ചെലവഴിച്ചവർ (വീട്,ആശുപത്രി,വാഹനം),രോഗിയെ ആശുപത്രിയിൽ എത്തിച്ച ഡ്രൈവർ,അനുഗമിച്ചവർ,രോഗിയുടെ വസ്ത്രങ്ങളും,കിടക്കവിരിയും,പാത്രങ്ങളും മറ്റു വസ്തുക്കളും കൈകാര്യം ചെയ്തവർ,രോഗിയുടെ ശരീരം നേരിട്ട് സ്പർശ്ശിച്ചവർ,രോഗിയുടെ കൂടെ വാർഡിൽ കിട്ടുന്നവർ,സ്രവങ്ങളുമായി(ഉമിനീർ,മൂത്രം,മലം,ഛർദി) സമ്പർക്കമുണ്ടായവർ,ചികിൽസിച്ച ഡോക്ടർമാരും,നഴ്‌സുമാരും,വാർഡ് അറ്റൻഡർമാരും മറ്റ് ആശുപത്രി ജീവനക്കാരുമാണ് പട്ടികയിലുണ്ടാവുക.ഇവർ ഏത് ദിവസം,ഏത് സമയത്ത്,എത്ര സമയം,എങ്ങനെയൊക്കെ രോഗിയുമായി ബന്ധപ്പെട്ടുവെന്നും,രോഗിയുമായുള്ള സമ്പർക്ക സമയത്ത് വ്യക്തി സുരക്ഷാ നടപടികൾ പാലിച്ചിട്ടുണ്ടോ എന്നും പ്രത്യകം രേഖപ്പെടുത്തുന്നുണ്ട്.
ഓരോ നിപ്പാ രോഗിയെയും കണ്ടെത്തുമ്പോൾ തന്നെ ഇതിനായി നിയോഗിക്കപ്പെട്ട സർക്കാർ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി പ്രത്യേക ഫോറമുപയോഗിച്ച് വിശദമായി പട്ടിക തയ്യാറാക്കുന്നുണ്ട്.എല്ലാ ദിവസവും ശേഖരിച്ച് വിശകലനം ചെയ്യും.
എന്തൊക്കെ പാലിക്കണം?
കഴിയുന്നതും അവരവരുടെ വീടുകളിൽ തന്നെ കഴിയണം,താമസ സ്ഥലം വിട്ട് ദൂരയാത്രകൾ ചെയ്യരുത്,ആളുകൾ കൂടുന്ന ഉത്സവം,വിവാഹം,യോഗങ്ങൾഎന്നിവക്കും പോകരുത്.സിനിമാ ഹാളുകൾ,മാളുകൾ എന്നിവിടങ്ങളിലും പോകരുത്.എല്ലാ ദിവസവും ആരോഗ്യ വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥർ അന്വേഷിക്കുമ്പോൾ ശരിയായ വിവരങ്ങൾ നൽകണം.ഇതിനിടയിൽ സംശയിക്കുന്ന രോഗ ലക്ഷണങ്ങൾ(പനി,തലവേദന തുടങ്ങിയവ) ഉണ്ടാകുകയാണെങ്കിൽ ഉടനെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഫോണിൽ വിവരമറിയിക്കുക.അവരുടെ നിർദ്ദേശ പ്രകാരം തുടർ ചികിത്സ നടത്തേണ്ടതാണ്.ഇങ്ങനെയുള്ളവർ ഉള്ള വീടുകളിൽ ആളുകൾ കൂടുന്ന ആഘോഷങ്ങളും വിരുന്നുകളും നടത്തരുത്.
എത്ര നാൾ നിരീക്ഷണം?
അവസാനമായി നിപ്പ രോഗിയുമായോ മൃതദേഹവുമായോ സമ്പർക്കം പുലർത്തിയ ദിവസം മുതൽ ഇരുപത്തി ഒന്ന് ദിവസം വരെ ഇത് പാലിക്കണം.രോഗലക്ഷണമുണ്ടെന്ന് അറിഞ്ഞാൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി രോഗിയെ പ്രത്യേകം തയ്യാറാക്കിയ ആംബുലൻസിൽ ഐസൊലേഷൻ സൗകര്യങ്ങളൊരുക്കിയ ആശുപത്രികളിലെത്തിച്ച് പരിശോധന നടത്തും.രോഗനിർണ്ണയം നടത്തി,ഏത് തരം പനിയായാലുംഅതിനനുസരിച്ച വേണ്ട ചികിത്സകൾ നൽകും.
ഇരുപത്തി ഒന്ന് ദിവസങ്ങൾക്കുള്ളിൽ ഇതിൽപെട്ടവർക്ക് രോഗലക്ഷണമൊന്നും ഉണ്ടായിട്ടില്ലെങ്കിൽ അടുത്ത ദിവസം തൊട്ട് സാധാരണ ജീവിതം(തൊഴിൽ,യാത്ര) തുടരാം.ഇവരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.ഒരുപ്രദേശത്ത് ഏറ്റവും അവസാനം നിപ്പ രോഗബാധയുണ്ടായ ശേഷംനാൽപ്പത്തി രണ്ട് ദിവസം മറ്റൊരു രോഗബാധ ഉണ്ടായിട്ടില്ലെങ്കിൽ അവിടെ നിപ്പ ബാധയിൽ നിന്ന് മോചിതമായി എന്ന് പ്രഖ്യാപിക്കാം.
No comments: