ദുബായ് - കൊച്ചി എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ സര്‍വ്വീസ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം: ദുബായ് - കൊച്ചി റൂട്ടിലെ എയര്‍ ഇന്ത്യ ബി. 787 ഡ്രീംലൈനര്‍ സര്‍വ്വീസ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യ ഈ നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന കേരളീയരെ വലിയ തോതില്‍ ബാധിക്കുമെന്ന് കത്തില്‍ പറഞ്ഞു.

ഗള്‍ഫ് മേഖലയില്‍ നിന്ന് കേരളത്തിലേയ്ക്ക് യാത്രചെയ്യാന്‍ മലയാളികള്‍ അധികവും എയര്‍ ഇന്ത്യയെയാണ് തെരഞ്ഞെടുക്കുന്നത്. ദുബായി - കൊച്ചി റൂട്ടില്‍ ഡ്രീംലൈനര്‍ സര്‍വ്വീസിനെ അവര്‍ കാര്യമായി ആശ്രയിച്ചിരുന്നു. ഗള്‍ഫ് മേഖലയില്‍ സ്കൂള്‍ അവധിയുള്ളതിനാല്‍ യാത്രക്കാരുടെ തിരക്ക് വളരെയധികം വര്‍ധിച്ച ഈ സീസണില്‍ ഡ്രീംലൈനര്‍ നിര്‍ത്തുന്നത് കേരളീയര്‍ക്ക് കൂടുതല്‍ പ്രയാസമുണ്ടാകും. അതിനാല്‍ ദുബായ് - കൊച്ചി ബി.787 ഡ്രീംലൈനര്‍ സര്‍വ്വീസ് തുടരുന്നതിനാവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏപ്രില്‍ മാസത്തില്‍ വിമാന കമ്പനികള്‍ യാത്രാനിരക്ക് കുത്തനെ ഉയര്‍ത്തിയ കാര്യം മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചു. നിരക്ക് കുറയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഡ്രീംലൈനര്‍ സര്‍വ്വീസ് നിര്‍ത്തുന്ന സാഹചര്യത്തില്‍ നിരക്ക് വീണ്ടും വര്‍ധിക്കുമെന്ന ആശങ്കയാണ് പ്രവാസി മലയാളികള്‍ക്കുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു

No comments:

Powered by Blogger.