വരൂ.. പത്തനംതിട്ടയിലേക്ക്, നല്ല വായു ശ്വസിക്കാം !!

പത്തനംതിട്ട: ഇന്ത്യയില്‍ ഏറ്റവും നല്ല ശുദ്ധവായു കിട്ടുന്ന രണ്ടാമത്തെ നഗരമെന്ന പെരുമ പത്തനംതിട്ട വീണ്ടും നിലനിര്‍ത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് അനുസരിച്ചാണ് പത്തനംതിട്ട ന​ഗരം ഈ പെരുമ നിലനിര്‍ത്തിയത്. അസമിലെ തെസ്‌പൂറിനാണ് ഒന്നാം സ്ഥാനം.

ഒരു ഘന മീറ്റര്‍ വായുവില്‍ അടങ്ങിയിരിക്കുന്ന 10 മൈക്രോണ്‍ വലിപ്പമുള്ള പൊടിയുടെ അളവാണ് ശുദ്ധവായുവിന്റെ ഗുണ നിലവാര ഏകകമായി കണക്കാക്കുന്നത്. ഒരു ഘന മീറ്ററില്‍ പരമാവധി 100 മൈക്രോഗ്രാം വരെ അനുവദനീയമായ അളവാണ്. പത്തനംതിട്ടയില്‍ ഇത് 35-40 മൈക്രോഗ്രാം മാത്രമാണ്. ഡല്‍ഹിയിലും മറ്റും ഇത് സാധാരണ ദിവസങ്ങളില്‍ പോലും 150 മൈക്രോഗ്രാമിനു മുകളിലാണ്.
ശൈത്യകാലത്ത് ഇത് 400 മൈക്രോഗ്രാം വരെ ഉയരും. ഹൈ വോള്യം സാമ്ബിളര്‍ എന്ന ഉപകരണം 24 മണിക്കൂറും ഉപയോഗിച്ചാണ് ഇത് അളക്കുന്നത്.

ഒരു മീറ്ററിന്റെ പത്തുലക്ഷത്തില്‍ ഒരംശത്തിനെയാണ് ഒരു മൈക്രോണ്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വാഹനപ്പുകയിലും ഈര്‍പ്പത്തിലും കരിയിലയും പ്ലാസ്റ്റിക്കും മറ്റും കത്തിക്കുമ്ബോഴുണ്ടാകുന്ന പുകയിലും മറ്റുമാണ് ഇത്രയും ചെറിയ പൊടിയുടെ അംശം അടങ്ങിയിരിക്കുന്നത്. ഇവ നേരിട്ട് ശ്വാസനാളത്തിലൂടെ രക്തത്തിലേക്കു കയറി ഹൃദ്രോഗത്തിന് ഇടയാക്കുമെന്നും വിദ​ഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

No comments:

Powered by Blogger.