പ്രവേശനോത്സവത്തിന് സ്‌കൂളുകള്‍ ഒരുങ്ങി

പത്തനംതിട്ട: 'അക്കാദമിക് മികവ്, വിദ്യാലയ മികവ്' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രവേശനോത്സവ നടത്തിപ്പിനായുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ജില്ലയിലെ വിദ്യാലയങ്ങള്‍. പ്രീ-പ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകളില്‍ ഇക്കൊല്ലം പ്രവേശനോത്സവം നടക്കും. ജൂണ്‍ ആറിന് ജില്ലയിലെ 690 സ്‌കൂളുകളില്‍ അന്നേദിവസം വിപുലമായ പരിപാടികളോടെ നവാഗതരെ വരവേല്‍ക്കും. പ്രധാനമായും ഒന്ന്, അഞ്ച്, എട്ട്, പതിനൊന്ന് ക്ലാസുകളിലേക്ക് പുതുതായി പ്രവേശിക്കപ്പെടുന്ന കുട്ടികളെ മറ്റ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍, പ്രദേശവാസികള്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഉത്സവാന്തരീക്ഷത്തില്‍ സ്വീകരിച്ചാനയിക്കും.

പ്രത്യേകം ചിട്ടപ്പെടുത്തിയ പ്രവേശനോത്സവ ഗാനം എല്ലാ സ്‌കൂളുകളിലും ആലപിക്കും. മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം അവതരിപ്പിക്കും. കുട്ടികളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും തദ്ദേശകലാകാരന്മാരുടെയും കലാ സാംസ്‌കാരിക പരിപാടികള്‍, പഠനോപകരണ വിതരണം, ഗണിതവിജയം കൈപ്പുസ്തക പ്രകാശനം തുടങ്ങിയ പരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടക്കും. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കലഞ്ഞൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍, എല്‍.പി സ്‌കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കും. ജില്ലാപഞ്ചായത്ത് അംഗം അഡ്വ.ആര്‍.ബി.രാജീവ്കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന പ്രവേശനോത്സവ സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യും. ഇതിനായി കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മനോജ്കുമാര്‍ പ്രസിഡന്റും സമഗ്രശിക്ഷ കേരളയുടെ പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍ ജനറല്‍ കണ്‍വീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

ബി.ആര്‍.സി തലങ്ങളിലും പഞ്ചായത്തുതലങ്ങളിലും അന്നേദിവസം പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടത്താനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പ്രവേശനോത്സവത്തിനുള്ള പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ ഇതിനോടകം സ്‌കൂളുകള്‍ക്കു നല്‍കിക്കഴിഞ്ഞു. പ്രവേശനോത്സവ നടത്തിപ്പിനായി ജില്ലയിലെ സ്‌കൂളുകള്‍ക്ക് 1000 രൂപവീതം സമഗ്രശിക്ഷ കേരളം അനുവദിച്ചിട്ടുണ്ട്.

No comments:

Powered by Blogger.