കെ സുരേന്ദ്രൻ ഉപ തെരെഞ്ഞെടുപ്പിൽ മത്സരിക്കില്ല: പാർട്ടി ദേശീയ നേതൃത്വത്തിലേക്ക്

ബി ജെ പി നേതാവ് കെ സുരേന്ദ്രൻ തൽക്കാലം ഉപതെരഞ്ഞെടുപ്പിൽ കോന്നിയിൽ നിന്നോ മഞ്ചേശ്വരത്ത് നിന്നോ മത്സരിക്കില്ല.  പകരം ദേശീയ നേതൃത്വത്തിൽ സുപ്രധാന പദവിയിലേക്ക് പോകും.  2021 ഓടെ കെ സുരേന്ദ്രനെ ഒരു തികഞ്ഞ, തലയെടുപ്പുള്ള ദേശീയ നേതാവായി ഉയർത്തിക്കൊണ്ടു വരിക എന്നതാണ് ലക്ഷ്യം. ഇതിനായുള്ള ആലോചനകളാണ് പുരോഗമിക്കുന്നതെന്നാണ് ലഭ്യമായ വിവരം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ ദേവ്, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ തുടങ്ങിയവരുടെ അതെ മാതൃകയിലായിരിക്കും സുരേന്ദ്രനും ആവശ്യമായ രാഷ്ട്രീയ പഠനങ്ങൾ നൽകുക.  ഇത് ബി ജെ പി നേതൃത്വത്തിന്റെ വളരെ ദൂരകാഴ്ചയുള്ള ഒരു തീരുമാനമാണ്.

കേരളത്തിൽ പാർട്ടി വളർന്നിട്ടുണ്ടെന്നുള്ളത് ശരിയാണ്.  പക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പവും, പാർട്ടി പ്രസിഡണ്ട് അമിത് ഷാ ക്കൊപ്പവും കേരളത്തിലെ പാർട്ടി വളർന്നിട്ടില്ല.  വളർച്ചയുടെ തോത് തുലോം വിരളമാണ്.  പാർട്ടി ഏറ്റവും ശക്തമായ വളർച്ച പ്രാപിച്ചത് 2013  - 2016 കാലഘട്ടത്തിലാണ്.  അന്ന് അഞ്ചോ ആറോ ശതമാനമുണ്ടായിരുന്ന വോട്ടു വിഹിതം 15 ശതമാനത്തിലേക്ക് ഉയർന്നു. എന്നാൽ 2019 ൽ ഒരു ശതമാനം പോലും വോട്ടു വിഹിതം വർദ്ധിച്ചില്ല. അതേസമയം ചില സ്ഥാനാർഥികളുടെ വോട്ടു ശതമാനം കുത്തനെ ഉയർന്നു.  അത് തീർച്ചയായും വ്യക്തി മികവ് കൊണ്ട് മാത്രമാണ് എന്ന് കരുതേണ്ടി വരും.  ജനങ്ങൾ നേരിടുന്ന വിഷയങ്ങളിൽ നേരിട്ടിടപെട്ടവർക്കു മാത്രമാണ് നേട്ടമുണ്ടാക്കാനായത്.  കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, സുരേഷ് ഗോപി, കൃഷ്ണകുമാർ തുടങ്ങിയവരെല്ലാം നിരന്തരം സമരമുഖത്തുള്ളവരാണ്.  എന്നാൽ ബി ജെ പി യിലെ ഏറെയും നേതാക്കൾ സമരവും, ബഹളവും എന്ന് കേൾക്കുമ്പോഴേ ഓടി ഒളിക്കുകയാണെന്ന പരാതിയുണ്ട്.

കുമ്മനം രാജശേഖരന്റെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിന് വലിയ വീഴ്ച വന്നിട്ടുണ്ട്.  വോട്ടിനു മുൻപേ വോട്ടെണ്ണി തിട്ടപ്പെടുത്തുന്നതിൽ സാരമായ വീഴ്ച വന്നിരുന്നു.  ബി ജെ പി ഏറ്റവും ശക്തമായ തിരുവനതപുരത്തു കുമ്മനത്തിന്റെ തോൽ‌വിയിൽ  സംസ്ഥാന നേതൃത്വത്തിന് മാത്രമാണ് ഉത്തരവാദിത്വം.  സംസ്ഥാന നേതൃത്വം ക്രിയാത്മകമായി ഇടപെടാതിരുന്ന പത്തനംതിട്ട പോലുള്ള മണ്ഡലങ്ങളിൽ വലിയ മാറ്റം പാർട്ടി ഉണ്ടാക്കി.

2016 ൽ നിന്ന് ബി ജെ പി സംഘടനാ സംവിധാനം പേരിനെങ്കിലും വർദ്ധിച്ചിട്ടുണ്ട്.  പക്ഷെ ആ വർദ്ധവിനനുസരിച്ച വോട്ടില്ല. അതെവിടെ? പാർട്ടി വളർന്നെങ്കിൽ വോട്ട് എവിടെ പോയി എന്നാണു കുഴക്കുന്ന ചോദ്യം.  രാജ്യത്തുടനീളം പാർട്ടിക്ക് കിട്ടിയ സ്വീകാര്യത തീർച്ചയായും കേരളത്തിലും ബി ജെ പി ക്ക് കിട്ടിയിട്ടുണ്ട്.  പക്ഷെ അവസാന നിമിഷം അത് വോട്ടാക്കി മാറ്റാൻ തക്കവണ്ണം തലയെടുപ്പുള്ള നേതാക്കൾ കേരളത്തിൽ ഉണ്ടായിരുന്നില്ല.  ഉള്ളത് കുമ്മനം രാജശേഖരനായിരുന്നു.  അദ്ദേഹം മത്സര രംഗത്തായിരുന്നു.  കുമ്മനത്തിനെതിരെ നടന്ന ന്യൂനപക്ഷ വിരോധി എന്ന പ്രചാരണം ശക്തമായി ചെറുക്കുന്നതിൽ നേതൃത്വം അമ്പേ പരാജയപ്പെട്ടു.

ഇനി നാളെ, ഇതേ പാർട്ടി സംവിധാനത്തിൽ നിന്ന് കേരള ഭരണം പിടിച്ചെന്നാലും അത് വമ്പൻ പരാജയമായി മാറും.  ഇത് മുന്നിൽ കണ്ടാണ് ദേശീയ തലത്തിൽ തന്നെ കേരള നേതാക്കളെ ഉത്പാദിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നത്. രാഷ്ട്രീയ താര പരിവേഷമുള്ള കെ സുരേന്ദ്രനാണ് ഇപ്പോൾ അതിനു പറ്റിയ കേരള നേതാവ്.  ഇതാണ് കെ സുരേന്ദ്രനെ ദേശീയ നേതൃത്വത്തിലേക്ക് അടുപ്പിക്കുന്ന ഘടകം.  തന്നെയുമല്ല ദേശീയ തലത്തിൽ മൂന്നാം നിര നേതാക്കളെ വാർത്തെടുക്കുന്ന കർമ്മ പദ്ധതിക്ക് ബി ജെ പി ദേശീയ നേതൃത്വം തീരുമാനമെടുത്തു കഴിഞ്ഞു. 

ശ്രീധരൻ പിള്ള ഉൾപ്പടെ  മുന്തിയ നേതാക്കൾ പാർട്ടി സംവിധാനത്തിൽ നിന്ന് മാറേണ്ട കാലം കഴിഞ്ഞിരിക്കുന്നു എന്ന് പാർട്ടിയിൽ അടക്കം പറയുന്നുണ്ട്.  പാർട്ടിക്ക് പുതിയ രൂപവും ഭാവവും വരണം.  സമര തൃഷ്ണയുള്ള നേതാക്കൾ ഉണ്ടാകണം.  ഇപ്പോൾ തന്നെ കേരള സർക്കാരിനെതിരെ യാതൊരു തരത്തിലുമുള്ള സമരങ്ങൾ ഇല്ല. ഇതൊക്കെ നേതൃത്വത്തിന്റെ തണുപ്പൻ മട്ടുകൊണ്ടാണ്.  ശബരിമല കൂടി ഇല്ലായിരുന്നെങ്കിൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമാകുമായിരുന്നു. ഒരു പരിധി കഴിഞ്ഞു നേതാക്കളെ പ്രതിഷ്ഠിച്ചു വച്ചിരിക്കുന്ന പതിവ് ബി ജെ പിക്കില്ല. അഡ്വാനിയും, ജോഷിയും ഒക്കെ മാറിനിന്ന വഴി നമുക്കറിയാം, ഉത്തരവാദിത്വങ്ങളുടെ ഭാരമില്ലെങ്കിൽ കുമ്മനം രാജശേഖരൻ കേരളത്തിൽ വീണ്ടും ചോദ്യം ചെയ്യപ്പെടാത്ത സമാരാധ്യനായ നേതാവാകും.  എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, കെ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾക്കായി പാർട്ടിയെ നൽകിയില്ലെങ്കിൽ ബി ജെ പി ഇങ്ങനെത്തന്നെ മുന്നോട്ട് പോകും.

എൻ ഡി എ മുൻ നിരയിലേക്ക് പിസി തോമസും, തുഷാർ വെള്ളാപ്പള്ളിയും കടന്ന്‌ വന്നു എല്ലാ ജനകീയ വിഷയങ്ങളിലും ഇടപെടണം.  എങ്കിൽ മാത്രമേ ബി ജെ പി കേരളത്തിൽ ക്ലച്ചു പിടിക്കൂ. ഇത്തരത്തിലൊരു സമഗ്ര വികസനമാണ് കേന്ദ്രം അണിയറയിൽ മെനയുന്നതെന്നാണ് ഡൽഹിയിൽ നിന്ന് ലഭിക്കുന്ന വർത്തമാനങ്ങൾ

1 comment:

  1. ഭൂരിപക്ഷ വോട്ടുകൾ സമാഹരിക്കപ്പെടാതെ പോയത് ന്യൂനപക്ഷ വോട്ടുകളുടെ ധൃവീകരണം കൊണ്ടാണെന്ന തിസീസ് യഥാർത്ഥ പരാജയകാരണങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്.ഒറ്റ ന്യൂനപക്ഷക്കാരനും ബിജെപിക്ക് വോട്ട് ചെയ്തുപോകരുത് എന്ന നിർബന്ധബുദ്ധിയോടെ ഒരു വിഭാഗം സൈബർ സംഘികൾ താണ്ഡവമാടുമ്പോൾ ആ വിഭാഗം മറ്റെവിടേക്കെങ്കിലും ധൃവീകരിക്കുന്നത് സ്വാഭാവികമല്ലേ? 500/1000 വോട്ടുകൾ ഫലം നിർണ്ണയിക്കുന്ന 50ൽ അധികം നിയമസഭാ മണ്ഡലങ്ങളുണ്ട്. ഓരോ വാർഡിലും പത്ത് ന്യൂനപക്ഷ വോട്ടുകൾ സ്വാധീനിക്കാൻ കഴിഞ്ഞാലും അത് ഫലത്തെ സ്വാധീനിക്കും.
    അതിനുള്ള നയതന്ത്രജ്ഞത നേടിയെടുക്കാൻ പ്രവർത്തകരെ പരിശീലിപ്പിക്കണം.

    തുഷാർ കടന്നുവന്ന് ജനകീയ പ്രശ്നങ്ങളിലിടണം എന്നൊക്കെ പറയുന്നത് എന്തൊരു കോമഡിയാണ് ?
    കേരളീയ സമൂഹത്തിന്റെ ഏതെങ്കിലും പ്രശ്നങ്ങളിലിടപെട്ട് ജനശ്രദ്ധ നേടിയ ഒരു വാചകമെങ്കിലും അയാൾ ഇതുവരെ പറഞ്ഞുകേട്ടിട്ടുണ്ടോ? ശുദ്ധ പാഴ്.
    അങ്ങിനെയുള്ളവരെയൊന്നും പ്രൊജക്ട് ചെയ്ത് ഒരു തെരഞ്ഞെടുപ്പ് വിജയം ആരും പ്രതീക്ഷിക്കരുത്.അത് ജനങ്ങളെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യലാണ്.

    ReplyDelete

Powered by Blogger.