ഓപ്പണ്‍ സ്കൈ പോളിസി നടപ്പിലാക്കണം: പ്രവാസി യുവാവ് രാജു വർഗീസ് പത്തനംതിട്ട
അടിക്കടിയുണ്ടാകുന്ന വന്‍ വിമാന ടിക്കറ്റ് വര്‍ദ്ധനയ്ക്ക് തടയിടാന്‍ എന്തുകൊണ്ട് ഒരു മന്ത്രിക്കും കഴിയുന്നില്ല? ഇന്ത്യയിലേക്കും തിരിച്ചും എയര്‍ലൈനുകള്‍ക്ക് ആവശ്യാനുസരണം സീറ്റുകള്‍ നല്‍കാന്‍ തയ്യാറാവണം. ഏതൊരു സമയത്തും വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുന്ന ഉയര്‍ന്ന വിലയുടെ പരിധി ന്യായമായ രീതിയില്‍ ഫിക്സ് ചെയ്യണം. ഈ രണ്ട് മാര്‍ഗ്ഗം മാത്രമാണ് അവസരം നോക്കി ടിക്കറ്റ് ഉയര്‍ത്തുന്ന അന്യായം അവസാനിപ്പിക്കുവാനുള്ള ശാശ്വത പരിഹാരം.വിമാനക്കൂലി വർധനവിൽ പരിഹാര നിർദ്ദേശങ്ങളുമായി പ്രവാസി യുവാവ് രാജു വർഗീസ് പത്തനംതിട്ട
ഡിമാന്റ് & സെയില്‍ എന്ന (പുര വേവുമ്പോള്‍ വാഴ വെട്ടുക/ യാത്രക്കാരുടെ വര്‍ദ്ധനവ് അനുസരിച്ച് കഴിയുന്നത്ര ലാഭം നേടുക) എന്ന കച്ചവട തന്ത്രം, ഇന്ത്യയില്‍ നിന്നുള്ള എയര്‍ലൈനുകള്‍ അവലംഭിക്കുന്നത് കാരണം. പ്രവാസികള്‍ക്ക് അവധിക്കാലം കണ്ണീര്‍ക്കയമാണ് എന്നും; പ്രത്യേകിച്ച് ഇത്തവണ. അതിന് കാരണമാകട്ടെ ജെറ്റ് എയര്‍വേസിന്‍റെ അടച്ചുപൂട്ടല്‍. സീറ്റിന്റെ ഡിമാന്റ് കൂടുതലും, സപ്ലൈ/ ലഭ്യത തുലോം വിരളവും. ഇന്ത്യയുടെ ഓപ്പണ്‍ സ്കൈ പോളിസിയെന്നാല്‍, കുറേക്കൂടി പുതിയ വിമാനക്കമ്പനികളെ, പറത്താന്‍ അനുവദിച്ച സാങ്കേതികത്വത്തില്‍ ഒതുങ്ങിപ്പോയി. എന്നാല്‍ അതിന് ആനുപാതികമായോ, ആവശ്യാനുസരണമോ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ല.
ഇന്ത്യന്‍ സെക്ടറുകളില്‍ ഫലപ്രദമായി 'ഓപ്പണ്‍ സ്കൈ' പോളിസി കൊണ്ടുവരിക എന്ന നിസാരമായ ഒറ്റമൂലി മൂലം, ടിക്കറ്റ് നിരക്കിലുള്ള, പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയാത്ത, ഈ ഭീമയായ വര്‍ദ്ധനയ്ക്ക് ശാശ്വതമായ പരിഹാരമാവും.
ഇങ്ങനെയുള്ള പീക്ക് സീസണിൽ, രണ്ടോമൂന്നോ ഇരട്ടി മുതൽ, ദാക്ഷണ്യമില്ലാതെ ഉയർത്തുന്ന ടിക്കറ്റ് നിരക്കാണ് ഇവരുടെ ലാഭം ശതഗുണീഭവിപ്പിക്കുന്നത്; പ്രത്യേകിച്ച് ഗൾഫ് സെക്ടറുകളിൽ നിന്നും. ആ കൊയ്ത്തു അവസാനിപ്പിക്കാൻ ആരാണ് സമ്മതിക്കുക.
ഉദാരവൽക്കരണത്തിന്റെ മറ്റൊരു തിരിച്ചടികൂടിയാണിത്. ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾക്ക് യഥേഷം ഈടാക്കാൻ അവകാശമുള്ള നയമാണിപ്പോൾ; സർക്കാരിന് യാതൊരു നിയന്ത്രണാവകാശവും ഇല്ല.
ഈ പോളിസി വരുന്നതോടെ, ഏത് എയര്‍ലൈന്‍സിനും അവരവര്‍ക്ക് ഇഷ്ടമുള്ളത്ര ഫ്ലൈറ്റുകള്‍ ഓപ്പറേറ് ചെയ്യാന്‍ കഴിയും. ആരോഗ്യകരമായ മത്സരം വരുന്നതോടെ ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയും. തന്മൂലം കൂടുതല്‍ വിദേശികള്‍ ടൂറിസ്റ്റ് വിസയില്‍ എത്തും, ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഹോസ്പിറ്റല്‍ മേഖലകള്‍, ടാക്സി വ്യവസായം അനുബന്ധ മേഖലകളില്‍ വിപ്ലവാത്മകമായ കുതിച്ചുചാട്ടം ഉണ്ടാവും. തന്മൂലം സര്‍ക്കാരിന്‍റെ വരുമാനം പതിന്മടങ്ങ് വര്‍ദ്ധിക്കും.
ഇതൊന്നും മനസ്സിലാക്കാതെയും, പഠിക്കാതെയും വെറുതെ, മന്ത്രിമാരും നേതാക്കളും പ്രസ്താവന നടത്തുന്നത് മൂലമാണ് അവര്‍ക്കാര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാതെ പോകുന്നതും, അവസാനം ഇല്ലാത്ത നോര്‍ത്ത് ഇന്ത്യന്‍ ലോബിയില്‍ പഴിചാരി, തടിതപ്പുന്നതും. അഥവാ ഈ വിവരം അറിയാവുന്നവര്‍ അതിന് തുനിയാത്തത് പ്രൈവറ്റ് വിമാന കമ്പനികളെ സഹായിക്കാനാണ്. എയറിന്ത്യ പോലെയുള നാഷണല്‍ കാരിയേഴ്സ് മാത്രമുണ്ടായിരുന്ന, വിദേശ സെക്ടറുകളില്‍ പ്രൈവറ്റ് വിമാന കമ്പനികളെ അനുവദിച്ചതോടെയാണ് ഈ കൊള്ള തുടങ്ങിയത്.
വയലാര്‍ രവി മുതല്‍, കെ.സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, പിണറായി വിജയന്‍, അച്യുതാനന്ദന്‍, എ.കെ ആന്റണി തുടങ്ങിയവര്‍ ഒക്കെ വലിയ മോഹന വാഗ്ദാനങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കിയെങ്കിലും ഒക്കെ വെറും ജലരേഖയായി തീര്‍ന്നു. അവസാനം 'ഇല്ലാത്ത' ഒരു നോര്‍ത്ത് ഇന്ത്യന്‍ ലോബിയുടെ കളികളാണ് ഇതെന്ന പല്ലവി ആവര്‍ത്തിച്ച് എല്ലാവരും പിന്‍വാങ്ങി. അത്തരമൊരു ആരംഭ ശൂരത്വമായി മാത്രം ഇപ്പോള്‍ പറയുന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയും ആയിത്തീരും എന്നുതന്നെ വിശ്വസിക്കാനേ തരമുള്ളൂ. സത്യത്തില്‍ ഇവരാരും തന്നെ, ഈ വിമാനക്കൊള്ളയുടെ അടിസ്ഥാന കാരണം കണ്ടെത്തുകയോ, അവിടെ ചികിത്സ നല്‍കാനോ ശ്രമിച്ചില്ലയെന്നതാണ് യാഥാര്‍ത്ഥ്യം. ഇവിടെയുള്ള പ്രവാസി സംഘടനകളുടെ സ്വയം പ്രഖ്യാപിത അനിഷേധ്യ നേതാക്കളും യഥാര്‍ത്ഥ കാരണത്തെപ്പറ്റി ചര്‍ച്ച ചെയ്യാനോ, അത് സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്താനോ മെനക്കെടുന്നുമില്ല. വര്‍ഷം തോറും മാതൃദിനം ആഘോഷിച്ച് ഫേസ്ബുക്കില്‍ ഫോട്ടോയിടാന്‍, അമ്മ അനാഥാലയത്തില്‍ ജീവിച്ചിരിക്കേണ്ടത് ആവശ്യമായ മക്കളുടെ മാതിരിയുള്ള, പ്രവാസി നേതാക്കള്‍ക്ക്, വര്‍ഷംതോറും പത്രസമ്മേളനം വിളിച്ച് ആവശ്യപ്പെട്ട് കൈയടി നേടാന്‍ വേണ്ടി, ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാവാതെ ഇവിടെ നിലനില്‍ക്കണം. ഇവരൊക്കെ ഇവിടെ കൊണ്ടുവന്ന്, മാലയിട്ട് സ്വീകരിച്ച് , ഉപഹാരങ്ങളുമൊക്കെ നല്‍കി തിരിച്ചയയ്ക്കുന്ന മന്ത്രിമാരുടെയും നേതാക്കളുടെയും മുന്നില്‍, തങ്ങളുടെ വിധേയത്വവും കൂറും പ്രകടിപ്പിക്കാനുള്ള പരസ്പര മത്സരം മാത്രമാണ് നടക്കുന്നത്. മറിച്ച് പ്രവാസികളുടെ ആവശ്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഇവരെ ബോധ്യപ്പെടുത്താനും, അവയ്ക്ക് പരിഹാരം കാണാനുമുള്ള ഇശ്ചാശക്തിയും, ആര്‍ജ്ജവവും കാട്ടുന്നില്ല. പൊതു പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയമൊക്കെ മറന്ന്, ഒറ്റക്കെട്ടായി നില്‍ക്കാനും, അവയ്ക്ക് പരിഹാരം നടത്തി തരാത്തവരെ, ഇവിടെ സ്വീകരിക്കാതെ പ്രതിക്ഷേധം അറിയിക്കാനും തയ്യാറാകാത്ത, രാഷ്ട്രീയാടിമകളെപ്പോലെയുള്ള പ്രവാസി നേതാക്കള്‍ കൂടുതല്‍ ഉള്ളടത്തോളം, നമ്മള്‍ ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതി.
ഇത്തവണത്തെ വന്‍ ടിക്കറ്റ് വര്‍ദ്ധന മൂലം, ഇവിടെ കഷ്ടിച്ച് കഴിഞ്ഞുകൂടുന്ന ഭൂരിപക്ഷം പ്രവാസികള്‍ക്കും നാട്ടില്‍ പോക്ക് ക്യാന്‍സല്‍ ചെയ്യാനേ കഴിഞ്ഞുള്ളൂ. എന്നാല്‍ തങ്ങളുടെ ഉറ്റവരുടെ മരണം പോലെയുള്ള എന്തെങ്കിലും അടിയന്തിര ഘട്ടങ്ങള്‍, ഈ പീക്ക് സീസണില്‍ വന്നുപോയാല്‍, പലരുടെയും ആറു മാസത്തെ ശമ്പളമിച്ചം കൊടുത്താലും, ടിക്കറ്റ് എടുക്കാന്‍ കഴിയാത്തത്ര മടങ്ങാണ് ടിക്കറ്റ് ഉയര്‍ന്നിരിക്കുന്നത്. അങ്ങനെയൊരവസ്ഥ വരാതെ തങ്ങളെ കാക്കണേ ദൈവമേ എന്നാണ് ഓരോ പ്രവാസിയും ഉള്ളുരുകി പ്രാര്‍ഥിക്കുന്നത്. കുട്ടികളുടെ അവധിക്കാലവും പെരുന്നാളും ഒക്കെ വരുമ്പോള്‍ മാത്രം നാട്ടില്‍ പോകാന്‍ കഴിയുന്ന ഹതഭാഗ്യരുടെ സങ്കടം ആര് കാണാന്‍ ? ഓഫ് സീസണിൽ യാത്രക്കാരുടെ ലഭ്യത തുലോം വിരളമായതിനാൽ, ഇവർ നിരക്ക് ഗണ്യമായ രീതിയിൽ കുറയ്ക്കുന്നു; എന്നാൽ സാധാരണക്കാരന് ഈ എ അവസരം പ്രയോജനപ്പെടുത്താൻ, സാധാരണക്കാരനു കഴിയുകയില്ല.
പ്രിയപ്പെട്ട രാഷ്ട്രീയ നേതാക്കളെ, മന്ത്രിമാരെ, നിങ്ങള്‍ സത്യാവസ്ഥ മനസ്സിലാക്കി, എത്രയുംവേഗം ഓപ്പണ്‍ സ്കൈ പോളിസി ഫലപ്രദമായി നടപ്പിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
No comments: