പാരലൽ കോളേജിലും ഉച്ചക്കഞ്ഞി: ചരിത്രം രചിച്ച് പത്തനംതിട്ട പ്രതിഭ കോളേജ്
താരതമ്യേന കുട്ടികളുടെ എണ്ണം കുറഞ്ഞെങ്കിലും, വിദ്യാഭ്യാസ നിലവാരം ഏറെ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയാണ് പാരലൽ കോളേജുകൾ. പാരലൽ കോളേജുകളുടെ വികസനത്തിനും, നടത്തിപ്പിനുമായി മികച്ച സംഘടനയും ഉണ്ട്. പാരൽ കോളേജ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പത്തനംതിട്ട പ്രതിഭാ കോളേജിലാണ് പാരലൽ വിദ്യാർഥികൾക്കായി കേരളത്തിൽ ആദ്യമായി സൗജന്യ ഉച്ച ഭക്ഷണ പദ്ധതി ഏർപ്പെടുത്തിയിരിക്കുന്നത്. അധ്യാപകരുടെയും, പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളം മുഴുവൻ വ്യാപിക്കാനുള്ള ശ്രമത്തിലാണ് അസോസിയേഷൻ.
സർക്കാരുകൾക്ക് ബാധ്യതയൊന്നുമില്ലാതെയാണ് കേരളത്തിൽ സമാന്തര വിദ്യാഭ്യാസ മേഖല മുന്നോട്ടു പോകുന്നത്. കേരളത്തിലെ നല്ലൊരു ശതമാനം വിദ്യാർഥികൾ തങ്ങളുടെ ഭാവി കരുപിടിപ്പിക്കുന്നത് ഈ ചാനലിലൂടെയാണെങ്കിലും സർക്കാർ വേണ്ടത്ര പരിഗണന ഈ മേഖലക്ക് കൊടുക്കുന്നില്ല. നിരവധി വിദ്യാ സമ്പന്നരായ യുവാക്കളും, വിരമിച്ച അധ്യാപകരും ജോലി ചെയ്യുന്ന മേഖലയാണ് ഇത്. ഇതിനെ സംരക്ഷിച്ചു മുന്നോട്ടു കൊണ്ടുപോകുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ അനിവാര്യമായ ഘടകമാണ്.
പാരലൽ കോളേജുകളിൽ പഠിക്കുന്ന നിരവധി വിദ്യാർഥികൾ ഉച്ചഭക്ഷണം ഒഴിവാക്കിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനു പല കാരണങ്ങളും ഉണ്ട്. വലിയ തലവരി കൊടുത്ത് മോസ്റ്റ് മോഡേൺ വിദ്യാഭ്യാസമെന്നു കൊട്ടി ഘോഷിക്കുന്നിടത്തേക്കു കടന്നു ചെല്ലാൻ കഴിയാത്തവരാണ് ഏറെയും പാരലൽ കോളേജുകളെ സമീപിക്കുന്നത്. മികച്ച വിദ്യാഭ്യാസവും, കൂടുതൽ കരുതലും കിട്ടുന്നു. ഫീസുകളിൽ കിഴിവും, സാവകാശവും കിട്ടുന്നു. നിർദ്ധനരായ നിരവധി കുട്ടികളെ സൗജന്യമായും പാരലൽ കോളേജുകളിൽ പഠിപ്പിക്കുന്നുണ്ട്. ഒരു വലിയ വരുമാന മാർഗത്തിലുപരി ഒരു സോഷ്യൽ സർവീസായാണ് പല അധ്യാപകരും ഇതിനെ കാണുന്നത്.
കേരളത്തിലെ മുഴുവൻ പാരലൽ കോളേജുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നാണ് അശോക് കുമാർ പറയുന്നത്. ഇതിനായി ധാരാളം പൂർവ വിദ്യാർഥികൾ മുന്നോട്ടു വരുന്നുണ്ട്. സമൂഹത്തിൽ നിന്നും വലിയ പ്രോസാഹനമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചിന് രാവിലെ 11 നു ക്നാനായ സഭാ റാന്നി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ഇവാനിയോസിന്റെ അനുഗ്രഹത്തോടെയാണ് ഉച്ച കഞ്ഞി വിതരണം ആരംഭിച്ചത്. അദ്ദേഹത്തോടൊപ്പം ആറന്മുള എം എൽ എ വീണ ജോര്ജും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അന്ന പൂർണാദേവിയും ചേർന്നാണ് പാദ്ധതിയുടെ ഉത്‌ഘാടനം നിർവഹിച്ചത്. പത്തനംതിട്ട പ്രതിഭാ കോളേജ് പ്രിൻസിപ്പാൾ എസ് പി നായരും, അശോക് കുമാറും ചേർന്നാണ് ഉച്ചക്കഞ്ഞി പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്.
No comments: