ശെൽവരാജിനെ കൊന്നത് കോൺഗ്രസുകാർ - ബന്ധുക്കൾ

ശെല്‍വരാജ് വധക്കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അരുള്‍ ഗാന്ധിയുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ലെന്ന് ശെല്‍വരാജിന്റെ കുടുംബം. ശെല്‍വരാജിനെ ആക്രമിച്ചത് കോണ്‍ഗ്രസ് പ്രാദേശികനേതാവ് ക്ലാമറ്റത്തില്‍ സിബിയും കഴിഞ്ഞദിവസം അറസ്റ്റിലായ അരുള്‍ഗാന്ധിയും മകന്‍ ചിമ്പുവുമാണെന്നും ഭാര്യ മുത്തുലക്ഷ്മി പറഞ്ഞു.

ഒരു പണമിടപാടും ഉണ്ടായിരുന്നതായി പറഞ്ഞിട്ടില്ല. ആക്രമിച്ചശേഷം വീണ് പരിക്കേറ്റതാണെന്ന് ഇവര്‍ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മധുര മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ബോധം തെളിഞ്ഞശേഷമാണ് ആക്രമണത്തെക്കുറിച്ച് ശെല്‍വരാജ് തങ്ങളോട് പറഞ്ഞത്. അറസ്റ്റിലായ അരുളുമായി ശെല്‍വരാജിന് സാമ്പത്തിക ഇടപാട് എന്തെങ്കിലും ഉണ്ടായതായി അറിയില്ലെന്നും എന്തെങ്കിലും സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെങ്കില്‍ തങ്ങളോട് പറയുമായിരുന്നുവെന്നും മുത്തുലക്ഷ്മി പറഞ്ഞു.

കോണ്‍ഗ്രസിന്റെ വിജയാഹ്ലാദപ്രകടനത്തിനുശേഷം മടങ്ങിയ സിബി, അരുള്‍, ചിമ്പു എന്നിവര്‍ ആക്രി സാധനങ്ങളുമെടുത്ത് മടങ്ങുകയായിരുന്ന ശെല്‍വരാജിനെ പിടിച്ചുവച്ച് ആക്രമിക്കുകയായിരുന്നു. അരുള്‍ ടൈല്‍ എടുത്ത് തലയ്ക്കടിക്കുകയും സിബി ശെല്‍വരാജിനെ വലിച്ചെറിയുകയും ആയിരുന്നെന്നും മരുമകന്‍ ശങ്കിലികണ്ണന്‍ പറഞ്ഞു. ഇക്കാര്യം പൊലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ സിബി, ശെല്‍വരാജിന്റെ ആരോഗ്യകാര്യങ്ങള്‍ അന്വേഷിച്ച് തന്നെ വിളിച്ചിരുന്നു. എന്നാല്‍, അതിനുശേഷമാണ് സിബിക്കും കേസില്‍ പങ്കുണ്ടെന്ന് മനസ്സിലാകുന്നത്. തുടര്‍ന്നും ഇയാള്‍തന്നെ വിളിച്ചിരുന്നെന്നും എന്നാല്‍ താന്‍ ഫോണ്‍ എടുത്തില്ലെന്നും ശങ്കിലികണ്ണന്‍ പറഞ്ഞു. ഇതെല്ലാംതന്നെ വ്യക്തമാക്കുന്ന വിശദമായ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

No comments:

Powered by Blogger.