പ്രളയം ബാധിച്ച വീടുകൾ: മരണ ഭയത്തോടെ ദിവസങ്ങൾ തള്ളി നീക്കി ജനങ്ങൾ: ചെങ്ങന്നൂരിൽ നിന്നുള്ള കാഴ്ച

പ്രളയം സംഹാരതാണ്ഡവമാടിയ ചെങ്ങന്നൂരിലെ മിക്ക പ്രദേശങ്ങളിലെ വീടുകളിലും ജനം അന്തിയുറങ്ങുന്നത് ഇന്ന് മരണഭീതിയോടെയാണ്.

ഇതിനു കാരണം പ്രളയത്തിനുശേഷം ഉദ്യോഗസ്ഥർ വാസയോഗ്യമായ വീടുകളെപ്പറ്റി നടത്തിയ കണക്കെടുപ്പിലെ അപാകതയാണ്. പൂർണ്ണമായും വാസയോഗ്യമല്ലാത്ത വീടുകൾ പോലും ഇവരുടെ കണക്കെടുപ്പിൽ 50 ശതമാനമോ അതിനുതാഴയോ കേടുപാടുകൾ പറ്റിയിട്ടുളളുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ പ്രളയത്തിന് ശേഷം 10മാസം പിന്നിടുമ്പോഴേക്കും പ്രദേശത്തെ മിക്കവീടുകളും തകർന്ന് നിലംപൊത്താറായ നിലയിലാണ്. എങ്കിലും മാറിതാമസിക്കാൻ ഇടമില്ലാതെ സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന കുടുംബങ്ങൾ ഇത്തരം വീടുകളിലാണ് ഭീതിയോടെ കഴിഞ്ഞുകൂടുന്നത്.

പ്രളയത്തിന് മുൻപ് സന്തോഷത്തോടെയും സുരക്ഷിതവുമായാണ് പാണ്ടനാട് ഒൻപതാം വാർഡ് പൂപറത്തി കോളനിയിലെ അടച്ചുറപ്പുളള ഈ വീട്ടിൽ വൃദ്ധയായ സരോജിനിയും മകളും ചെറുമകനും കഴിഞ്ഞിരുന്നത്. എന്നാൽ പ്രളയജലം വീടിന്റെ മേൽക്കുരവരെ എത്തി കടന്നു പോയതോടെ വീട് ഇരുത്തുകയും ഒരു വശത്തേക്ക് ചരിയുകയും ചെയ്തു. രണ്ടാഴ്ച മുൻപ് കാറ്റിൽ ഓട് വീണ് ഇവരുടെ തലയ്‌ക്കേറ്റ മുറിവ് ഇനിയും കരിഞ്ഞിട്ടില്ല. ഭിത്തികൾ വിണ്ടുകീറി മേൽക്കുര ഏതുനിമിഷവും നിലംപൊത്താറായ ഈ വിടിന് റീബിൽഡ് ഉദ്യോഗസ്ഥരുടെ കണക്കിൽ 50 ശതമാനം മാത്രമാണ് കേടുപാടുളളത്. ഇതിന്റെ അടിസ്ഥാനത്തിൽ വീട് അറ്റകുറ്റപ്പണി നടത്തി പുതുക്കിനിർമ്മിക്കാൻ ഒരു ലക്ഷം രൂപ അനുവദിച്ചതായി അറിയിപ്പും വന്നു. മേസ്തിരിയെ വിളിച്ചു കാണിച്ചപ്പോൾ തൊട്ടാൽ വീട് മുഴുവൻ തകർന്നു വീഴുമെന്നാണ് പറഞ്ഞത്. തൊട്ടടുത്തുള്ള വീട്ടിലെ 80 പതുകാരായ മാധവനും തങ്കമ്മയുടേയും വീടിന്റെ അവസ്ഥയും ഇതു തന്നെ. ഭിത്തി മുഴുവന്‍ വിണ്ടു കീറി വീടിനുളളിലെ കാഴ്ചകൾ പുറത്തുനിന്നുകാണാം. ഇവരുടെ വീടും പൂർണ്ണമായും പൊളിച്ചു പണിയണം. കിടപ്പുരോഗിയായ തങ്കമ്മയുടെ ചികിത്സയ്ക്ക് പോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണ് പ്രായാധിക്യം കൊണ്ട് അവശത അനുഭവിക്കുന്ന മാധവൻ.

പുലിയൂർ 8-ാം വാർഡിൽ സ്വാതിഭവനത്തിൽ രേണുകയുടെ വീടിന്റെ തറ പ്രളയത്തിൽ തകർന്നു. ഭിത്തിയാകെ വിണ്ടുകീറി കിടക്കുന്നു. വീടിനു രേഖപ്പെടുത്തിയിരിക്കുന്ന നാശനഷ്ടം പതിനഞ്ച് ശതമാനം മാത്രം. തയ്യല്‍ക്കാരനായ മധുസൂദനനും ഭാര്യ രേണുകയും മകന്‍ വിഷ്ണുവും കഴിയുന്നത് ഇവിടെയാണ്. ആകെ കിട്ടിയ സഹായം 10,000 രൂപ. പുലിയൂർ കരിപ്പാലത്തറയിൽ രാജേഷിന്റെ വീടിന് പ്രളയപ്രഹരത്തിൽ ബലക്ഷയമുണ്ടായി.

അടുക്കള രണ്ടായി പിളർന്നു പോയതു പോലെ വലിയ വിളളലുണ്ടായി. മുറിക്കുള്ളിലെ ഭിത്തികളും വെടിച്ചുകീറി. കട്ടിള ഭിത്തിയിൽ നിന്നു വിട്ടു പോരുമെന്ന നിലയിലാണ്. ഈ വീടിന് 8 ശതമാനം മാത്രം നാശനഷ്ടമെന്നാണ് അധികൃതരുടെ കണ്ടെത്തൽ. രാജേഷിന്റെ വീടിനു സമീപം ആളൊഴിഞ്ഞ മറ്റൊരു വീടുണ്ട്. പുല്ലാണ് തെക്കേതിൽ രാജമ്മയുടെ വീട്. പ്രളയത്തിൽ വീടിന്റെ ഒരുഭാഗം മണ്ണിലേക്ക് താഴ്ന്നതിനെ തുടർന്ന് ഇവർ വീടുപേക്ഷിച്ച് മകന്റെ വീട്ടിലാണ് ഇപ്പോൾ താമസം. ഈ വീടിനു പതിനഞ്ച് ശതമാനം മാത്രമെ നാശമുളളുവെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

No comments:

Powered by Blogger.