ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ: സർക്കാർ പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

ആലപ്പുഴ: ജൂൺ 9 മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്ക് മൺസൂൺകാല ട്രോളിംഗ് നിരോധനത്തിന് സർക്കാർ പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മത്സ്യസമ്പത്ത് സുസ്ഥരിമായി നിലനിർത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് നിരോധനമെന്ന് ഇത് സംബന്ധിച്ച് കളക്ട്രേറ്റിൽ ചേർന്ന ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് എ.ഡി.എം. ഐ.അബ്ദുൾ സലാം പറഞ്ഞു. ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താൻ തടസ്സമില്ല. അയൽ സംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിനു മുൻപ് കേരളതീരം വിട്ടു പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവർത്തിക്കുന്ന സ്വകാര്യഡീസൽ ബങ്കുകൾ പൂട്ടാൻ നിർദ്ദേശം നൽകിയിട്ടു്ണ്ട്. നിരോധന വേളയിൽ കടൽ രക്ഷാപ്രവർത്തനങ്ങൾക്കും കടൽ പട്രോളിംഗിനുമായി ആലപ്പുഴ ജില്ലയിൽ രണ്ട് സ്വകാര്യബോട്ടുകൾ വാടകയ്ക്ക് എടുക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കിയ 6 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽരക്ഷാസേനാംഗങ്ങളായി രക്ഷാപ്രവർത്തനത്തിന് ജില്ലയിൽ നിയമിക്കുന്നതാണ്. കടൽ രക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐഡികാർഡ് കയ്യിൽ കരുതണമെന്ന് പ്രത്യേകം നിർദ്ദേശം നൽകുന്നു. ആവശ്യമായ ജീവൻരക്ഷാ ഉപകരണങ്ങൾ ലൈഫ്‌ബോയ്, ലൈഫ് ജാക്കറ്റ് തുടങ്ങിയവ ഇല്ലാത്ത യാനങ്ങൾക്കെതിരെ നടപടി എടുക്കും. ഇൻബോർഡ് വളളങ്ങൾക്ക് ഡീസൽ ലഭിക്കുന്നതിന് അതാത് ജില്ലകളിലെ മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ വളഞ്ഞവഴിയിലും അർത്തുങ്കലിലും പ്രവർത്തിക്കുന്ന ബങ്കുകൾ തുറക്കുന്നതാണ്. മറൈൻ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനത്തിന് കൂടുതൽ പൊലീസ് സേവനം ആവശ്യമാണെങ്കിൽ ജില്ലാ പൊലീസ് മേധാവികളുടെ അനുവാദത്തോടെ ആലപ്പുഴ ജില്ലയിൽ ലഭ്യമാക്കാൻ നടപടി സ്വീകരിയ്ക്കുന്നതാണ്. യോഗത്തിൽ പൊതു ആവശ്യം ഉയർന്ന പശ്ചാത്തലത്തിൽ ജില്ലാ തല ജാഗ്രതാ സമിതി അടിയന്തിരമായി വിളിച്ചുകൂട്ടാൻ തീരുമാനിച്ചു. ധനമന്ത്രിയുടെ പ്രതിനിധി വിനോദ്കുമാർ, മത്സ്യബോർഡ് മെമ്പർ ടി.ഐ.ഹാരിസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.സുഹൈർ, അസിസ്റ്റന്റ് ഡയറക്ടർ കെ.നൗഷർഖാൻ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
newsdesalappuzha

No comments:

Powered by Blogger.