അക്കാദമിക മികവ്, വിദ്യാലയ മികവ്: 46 ലക്ഷം മിടുക്കീ മിടുക്കന്മാർ നാളെ സ്‌കൂളിലേക്ക്
ഒന്നാം ക്ലാസിലും മുൻവർഷത്തേതിനേക്കാൾ കൂടുതൽ കുട്ടികൾ പ്രവേശനം നേടിയതായി പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസ സമ്പ്രദായം മുഴുവൻ ഒറ്റ മന്ത്രാലയത്തിന് കീഴിൽ കൊണ്ടുവന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇതോടെ കൂടുതൽ അക്കാദമിക മികവ‌് സാധ്യമാകുമന്നാണ‌് കണക്കാക്കുന്നത‌്. സ്കൂളിനെ ഒരു മേധാവിയുടെ കീഴിൽ ഒറ്റ യൂണിറ്റാക്കി മാറ്റുന്നതും പരീക്ഷകളുടെ ഏകീകരണവുമെല്ലാം കൂടുതൽ മികവുണ്ടാക്കും.
ഇത്തവണ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചു. സ്കൂൾ തുറക്കുംമുമ്പേ അക്കാദമിക കലണ്ടറും മാസ‌്റ്റർ പ്ലാനും തയ്യാറായി. ഹയർ സെക്കൻഡറി വരെ 203 അധ്യയന ദിവസവും വിഎച്ച‌്എസ‌്ഇയിൽ 226 പ്രവൃത്തിദിനവും ഉറപ്പാക്കി. തീർച്ചയായും സർക്കാർ പ്രശംസ അർഹിക്കുന്ന വിഷയങ്ങളാണ് ഈ വർഷത്തെ മുന്നൊരുക്കങ്ങൾ.
4752 സ്കൂളിൽ 45,000 ഹൈടെക് ക്ലാസ‌്മുറി സ്ഥാപിച്ചു. അക്കാദമിക് വർഷം മധ്യത്തോടെ 9941 പ്രൈമറി സ്കൂൾ കൂടി ഹൈടെക്കാക്കാനുള്ള പ്രവർത്തനങ്ങൾ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആരംഭിച്ചുകഴിഞ്ഞതായാണ് അറിയുന്നത്. ഇതിന‌് മുന്നോടിയായാണ് 1,83,235 പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അധ്യാപകർക്ക‌് ഏപ്രിൽ, മെയ് മാസങ്ങളിൽ ഐടി പരിശീലനം നൽകിയത്. ‘സമഗ്ര’ വിഭവ പോർട്ടലിന്റെ രണ്ടാംപതിപ്പും ഹയർ സെക്കൻഡറി ഗണിതപഠനം കാര്യക്ഷമമാക്കാൻ ‘മാത‌്‌സ‌് ഐടി ലാബുകൾ’, ഫിസിക്സ‌് പഠനത്തിന‌് ‘എക്സ‌്പൈസ് കിറ്റുകൾ’ എന്നിവയും ഈ വർഷം പുതുതായെത്തും.
സ്കൂളുകളിൽ പ്ലാസ‌്റ്റിക‌് പാത്രങ്ങളുടെയും കുപ്പികളുടെയും ഉപയോഗം ഒഴിവാക്കണം. പ്രവേശനോത്സവം പോലുള്ള ചടങ്ങുകളിൽ ഹരിതചട്ടം കർശനമായി പാലിക്കണം. ഇത് നിർബന്ധമാക്കണമെന്നും സർക്കാർ നിർദ്ദേശം കൊടുത്തു കഴിഞ്ഞു. രക്ഷിതാക്കളും ഇത്തരം കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം.
No comments: