കടിച്ചതുമില്ല പിടിച്ചതുമില്ല: കരയറിയാതെ വെള്ളാപ്പള്ളി നീന്തുന്നു.

കൊട്ടിഘോഷിച്ച നവോഥാന പരിവിചിന്തിന കടലിൽ നിന്ന് വെള്ളാപ്പള്ളി നീന്താൻ തുടങ്ങി. വെള്ളാപ്പള്ളി നടേശനെ പറ്റി ചിന്തിക്കുമ്പോൾ ഒരു കഥയാണ് ഓർമ വരുന്നത്.  എണ്ണിയാലൊടുങ്ങാത്ത നിധി ശേഖരത്തിന്റെ മുകളിലിരുന്ന് ജീവിത കാലം മുഴുവൻ ധർമക്കാരനായി ജീവിച്ച ഒരു അപ്പൂപ്പന്റെ കഥ.  പല തവണ അമിത് ഷാ കരങ്ങൾ നീട്ടിയിട്ടതാണ്.  കൈ പിടിക്കണോ, വേണ്ടയോ എന്നതായിരുന്നു വെള്ളാപ്പള്ളി പുലർത്തിയ നയം.

സത്യത്തിൽ ഹൈന്ദവ ഏകീകരണം ലക്ഷ്യമുള്ള ഒരേ ഒരു ഹൈന്ദവ നേതാവേ ഉള്ളൂ.  അത് വെള്ളാപ്പള്ളി നടേശൻ മാത്രം.  നിത്യവും കുരിശു വരയ്ക്കുന്ന നായന്മാർ പെരുന്നയിൽ തിളച്ചു മറിയുന്നത് വെള്ളാപ്പള്ളി നടേശന്റെ  റെറ്റിനയിൽ നന്നായി സിനിമ പോലെ തെളിഞ്ഞു വന്നിട്ടുണ്ടാകാം.  അതാണ്... അത് മാത്രമാണ് ഉത്തര ദക്ഷിണ ദ്രുവങ്ങളിലേക്കു നായരും ഈഴവരും അകന്നു പോകുന്നത്.

അതെന്തുമാകട്ടെ.  ഇത്തവണ ബിജെപി കേരളത്തിൽ രണ്ടു സീറ്റു പിടിച്ചിരുന്നെങ്കിൽ യെദിയൂരപ്പ കഴിഞ്ഞാൽ തെക്കൻ കാടുമേടുകളിൽ വെള്ളാപ്പള്ളിയും, സുകുമാരൻ നായരും ഇന്ദ്രപ്രസ്ഥത്തിലെ രാജാക്കന്മാരാകുമായിരുന്നു.  പക്ഷെ കേരളത്തിലെ മീഡിയകൾ ചതിച്ചു.  കോൺഗ്രസ്സ് എട്ടു നിലയിൽ പൊട്ടി. പൊട്ടിയെന്നു പറഞ്ഞാൽ, 10 ജനപത് വരെ ഒഴിയേണ്ട പൊട്ടലാണ് പൊട്ടിയത്. പ്രധാനമന്ത്രിയായ രാഹുലിനെ പെരുന്നയിലും, കിംഗ് മേക്കറായ യച്ചൂരിയെ കണിച്ചു കുളങ്ങരയിലും കറങ്ങി നടക്കുന്നത് ആരൊക്കയോ സ്വപ്നം കണ്ടു.

സാക്ഷാൽ അമിത് ഷാ ഒഴിയുന്ന രാജ്യസഭാ സീറ്റാണ് തുഷാർ വെള്ളാപ്പള്ളിക്കായി ഒരുക്കിയിരുന്നത്. പറഞ്ഞത് കൂടിപോയെങ്കിൽ അത് ക്ഷമിക്കുക.  എന്തായാലും ഒരു രാജ്യസഭാ സീറ്റ്.  തെരെഞ്ഞെടുപ്പിൽ ഈഴവരെല്ലാം (കഴിയുന്നത്ര) ബി ജെ പി ക്ക് ഇത്തവണ വോട്ടും ചെയ്തു. എന്നാൽ വെള്ളാപ്പള്ളി പറഞ്ഞത് ഇടതുപക്ഷ ലൈൻ ആയിരുന്നു.  ഭാഗ്യത്തിനോ ദൗർഭാഗ്യത്തിനോ ആരും അതനുസരിച്ചില്ല. സമുദായക്കാർ വോട്ടു ചെയ്തെങ്കിലും അത് തന്റെ മിടുക്കാണെന്നു അദ്ദേഹത്തിന് പറയാൻ കഴിയുന്നില്ല.  കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഈഴവരെല്ലാം ബിജെപിക്ക് വോട്ടുചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഭാഗ്യത്തിനോ ദൗർഭാഗ്യത്തിനോ ആരും അതും അനുസരിച്ചില്ല. അന്ന് ബി ജെ പിയിൽ കാര്യമായ തലയുയർത്തൽ നടന്നതുമില്ല.  എന്നെങ്ങാനും പത്തു സീറ്റ് പൂത്തുലഞ്ഞിരുന്നെങ്കിൽ കുമ്മനത്തിനു പകരം വെള്ളാപ്പള്ളി മിസോറാമിൽ ഗവര്ണറായിരുന്നേനെ.

ശബരിമല സമരത്തിന് മുന്നിൽ സുകുമാരൻ നായർ ചാടിക്കയറി കുടിയിരുന്നത് വെള്ളാപ്പള്ളി കുടിയിരിക്കാതിരിക്കാനാണ്‌. അതേറ്റു. വെള്ളാപ്പളി അപ്പാടെ കൺഫ്യൂഷനായി. നവോത്ഥനത്തിലേക്കു  തിരിഞ്ഞു.  ശബരിമല വിഷയത്തിലും വെള്ളാപ്പള്ളി "വേണ്ടണം" ശൈലിയിലേക്ക് പോയി ഹിന്ദുക്കളുടെ ഇടയിൽ വെടക്കായി. സത്യത്തിൽ പെരുന്നയിൽ കൊളുത്തിയ നാളത്തിലേക്കു കണിച്ചുകുളങ്ങര ഈയാം പാറ്റയെപോലെ എത്തി.

ഒരു ഗവർണർ, മൂന്നു ബോർഡ്, ഒരു മന്ത്രി, ഇന്ദ്രപ്രസ്ഥത്തിലെ ഹോട് ലൈൻ എന്നിവയാണ് "ചില കൊച്ചു വർത്തമാനത്തിലൂടെ" കണിച്ചു കുളങ്ങരക്ക് നഷ്ടമായത്.  വിഷമിക്കണ്ട.. ഇനിയും സമയമുണ്ട്.  ബിജെപിയിൽ ഇന്ന് നായമ്മാരെക്കാൾ കൂടുതലുള്ളത് ഈഴവരാണ്.  മിടുക്കു കാണിച്ചാൽ ലോകത്തിലെ ഏറ്റവും വലിയ ഒരു പാർട്ടിയുടെ ഗർവ്വുള്ള ഒരു സംസ്ഥാനം വെള്ളാപ്പള്ളിക്ക് പിടിക്കാം. കുഞ്ഞുകുട്ടി കാലം നിലനിൽക്കുന്നിടത്തോളം അതനുഭവിക്കാം. അതിനു ശിവഗിരിയിൽ നിന്ന് അനുഗ്രഹവും കിട്ടും. 

No comments:

Powered by Blogger.